അസം-മേഘാലയ അതിർത്തി പ്രശ്‌നം; അവശേഷിക്കുന്ന തർക്ക ഭൂമിയുടെ ചർച്ച ജൂണിലുണ്ടാകുമെന്ന് അസം മുഖ്യമന്ത്രി

Published by
Janam Web Desk

ഷില്ലോങ്: ദശാബ്ദങ്ങളായുള്ള അതിർത്തി പ്രശ്‌നത്തിന് പരിഹാരമായി അസം-മേഘാലയ സർക്കാരുകൾ കരാറിൽ ഒപ്പുവെച്ചത് കഴിഞ്ഞ ദിവസമാണ്. ഇരുസംസ്ഥാനങ്ങളിലെയും അതിർത്തി പ്രദേശങ്ങളിലെ തർക്ക ഭൂമിക്കാണ് ഇതോടെ പരിഹാരമായത്. 12 സ്ഥലങ്ങളിൽ ആറിടത്തെ പ്രശ്‌നങ്ങൾക്ക് ഈ കരാറോട് തീരുമാനമായിരുന്നു. ശേഷിക്കുന്ന ആറ് സ്ഥലങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നതിന് രണ്ട് മാസത്തിനകം ചർച്ചകൾ ആരംഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ജൂൺ-ജൂലൈ മാസത്തോടെ ചർച്ചകൾ ആരംഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഇരുവിഭാഗവും ഒപ്പുവച്ച കരാറിലെ ശുപാർശകൾ അനുസരിച്ച് സർവേ ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും ശർമ്മ അറിയിച്ചു. അതുകൊണ്ട് തന്നെ ഒപ്പുവെച്ച കരാർ പുനഃപരിശോധിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

എല്ലാവരേയും സന്തോഷിപ്പിക്കാൻ കഴിയില്ല എന്നാൽ രാജ്യം സന്തുഷ്ടമാണെന്ന് ഉറപ്പാക്കണം. എടുത്ത തീരുമാനങ്ങളിൽ എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലെങ്കിലും അതിലടങ്ങിയിരിക്കുന്ന വലിയ നന്മ നാം പരിഗണിക്കേണ്ടതുണ്ടെന്നും ശർമ പറഞ്ഞു. നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമിയുടെ ട്രെയിനി ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ മേഘാലയയിൽ എത്തിയപ്പോഴായിരുന്നു ശർമ്മയുടെ പ്രതികരണം.

1971ലെ അസം പുനഃസംഘടന നിയമത്തിന് കീഴിലായിരുന്നു മേഘാലയയെ അസമിൽ നിന്ന് വേർപ്പെടുത്തിയത്. ഇതിന് പിന്നാലെയായിരുന്നു അതിർത്തി പ്രശ്നങ്ങൾ ഉടലെടുത്തത്. 884 കിലോ മീറ്റർ അതിർത്തി പ്രദേശം ഇരു സംസ്ഥാനങ്ങളും പങ്കിടുന്നുണ്ട്. അതിന്മേലാണ് വർഷങ്ങളായി തർക്കം നീണ്ടു നിന്നിരുന്നത്. തർക്കങ്ങൾ പലപ്പോഴും രൂക്ഷമായ അതിർത്തി സംഘർഷങ്ങളിലേക്കും നയിച്ചിരുന്നു. തർക്കത്തിൽ പരിഹാരം തേടി ഇരുസർക്കാരുകളും അലയുമ്പോൾ മോദി സർക്കാരിന്റെ മദ്ധ്യസ്ഥ ചർച്ചകളും ഇടപെടലുകളും മാത്രമാണ് ഒടുവിൽ ഫലം കണ്ടത്.

Share
Leave a Comment