ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണക്കേസ് ബിജെപി പെരുപ്പിച്ച് കാട്ടുകയാണെന്ന എസ്പിയുടെ പരാമർശത്തിന് ചുട്ട മറുപടിയുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ ആരോപണത്തിനാണ് യുപി ഉപമുഖ്യമന്ത്രി മറുപടി നൽകിയത്. തീവ്രവാദികളുടെ മനോവീര്യം വർദ്ധിപ്പിക്കാനുള്ള അഖിലേഷ് യാദവിന്റെ പരിശ്രമങ്ങളെ അപലപിക്കുകയാണെന്ന് കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
കേസന്വേഷണം നടത്തുമ്പോൾ പ്രതിയുടെ മാനസികാവസ്ഥയെക്കുറിച്ച് കൂടി അന്വേഷിക്കണമെന്ന് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടിയിരുന്നു. ‘അഖിലേഷ് യാദവ് ജിയും സമാജ്‌വാദി പാർട്ടിയും എപ്പോഴും തീവ്രവാദികളുമായി ബന്ധപ്പെട്ട് കിടക്കുന്നവരാണ്. 2013ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള പല കേസുകളും പിൻവലിച്ചയാളാണ് അഖിലേഷ് യാദവ്. ഇപ്പോൾ ഗോരഖ്നാഥിൽ നടന്ന ആക്രമണത്തെ സാധാരണമായി കണക്കാക്കാനാകില്ലെന്ന് മൗര്യ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ജീവൻ പണയപ്പെടുത്തിയാണ് അക്രമിയെ പിടികൂടിയത്. എന്നിട്ടും ആക്രമണത്തെക്കുറിച്ചുള്ള എസ്പി നേതാവിന്റെ പ്രതികരണം തരംതാഴ്ന്നതും അപലപനീയവുമാണെന്നും മൗര്യ കൂട്ടിച്ചേർത്തു.
ഗോരഖ്പൂരിൽ സ്ഥിതിചെയ്യുന്ന ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. കെമിക്കൽ എഞ്ചിനീയറും 29-കാരനുമായ അഹമ്മദ് മുർത്താസ അബ്ബാസിയാണ് പ്രതി. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്നാണ് കുടുംബത്തിന്റെ അവകാശവാദം. കേസിൽ പ്രത്യേക സംഘവും തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമാണ് അന്വേഷണം നടത്തുന്നത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ പല രേഖകളും ലാപ്‌ടോപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. ജിഹാദി വീഡിയോകൾ, എയർഗൺ, വെടിയുണ്ടകൾ എന്നിവയും പോലീസ് കണ്ടെടുത്തു. കേസിൽ അന്വേഷണം തുടരുകയാണ്.
Comments