പത്തനംതിട്ട: കഞ്ചാവിന്റെ ലഹരിയിൽ പോലീസ് സ്‌റ്റേഷനിലെത്തിയ ആൾ ഗ്രേഡ് എഎസ്‌ഐയെ ചവിട്ടി പരിക്കേൽപിക്കുകയും സ്റ്റേഷനിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. പത്തനംതിട്ട ചിറ്റാർ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ സ്‌കാനറും ബഞ്ചും കസേരയും ഇയാൾ നശിപ്പിച്ചു. ചിറ്റാർ മണക്കയം സ്വദേശി ഷാജി തോമസാണ് അക്രമം കാണിച്ചത്. സ്‌റ്റേഷനിൽ അക്രമം കാണിച്ച ഷാജി പോലീസിന് നേരെ അസഭ്യ വർഷവും നടത്തി.
പോലീസ് സ്‌റ്റേഷനിൽ ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം. കഞ്ചാവ് ലഹരിയിലാണ് പ്രതി അക്രമം കാണിച്ചതെന്ന് പോലീസ് പറഞ്ഞു. തന്നെ ഏതെങ്കിലും കേസിൽ ഉൾപ്പെടുത്തി സ്റ്റേഷനിലടയ്‌ക്കണം എന്ന വിചിത്ര ആവശ്യമാണ് ഷാജി മുന്നോട്ട് വെച്ചത്. എന്നാൽ ശാസിച്ച് ഷാജിയെ പറഞ്ഞയക്കുകയായിരുന്നു.
പിന്നാലെ പോലീസ് സ്‌റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഷാജി ഹോളി മേരി എന്ന സ്വകാര്യ ബസിന് കല്ലെറിയുകയും ബസ്സിന്റെ ചില്ല് പൊട്ടുകയും ചെയ്തു. തുടർന്ന് ആ കേസുമായി ബന്ധപ്പെട്ട് ഷാജിയെ അറസ്റ്റ് ചെയ്ത് സെല്ലിനുള്ളിലാക്കി. സമനില തെറ്റിയ പോലെയാണ് ഇയാൾ പെരുമാറിയത്. സ്വന്തം ശരീരത്തിൽ പരിക്കേൽപ്പിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തു.
സ്വയം പരിക്കേൽപ്പിക്കാൻ തുടങ്ങിയതോടെ ഇയാളെ പുറത്ത് ഇറക്കി കസേരയിൽ കൈകെട്ടി തറയിൽ ഇരുത്തി. എന്നാൽ അതുകൊണ്ടും ഷാജി തോമസ് പരാക്രമം അവസാനിപ്പിച്ചില്ല. കസേര നശിപ്പിക്കുയും സ്റ്റേഷനിലുള്ള സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. ഷാജിയെ തടയാനെത്തിയ ഗ്രേഡ് എ എസ് ഐ സുരേഷ് പണിക്കരുടെ നെഞ്ചിൽ ചവിട്ടി.
ഈ ഘട്ടത്തിൽ ഇയാളെ തടയാൻ ശ്രമിച്ച പോലീസുകാർക്ക് നേരെ തുപ്പുകയും അസഭ്യമായി സംസാരിക്കുകയുംചെയ്തു. പോലീസ് സ്‌റ്റേഷനിൽ ആകെ 25,000 രൂപയുടെ നഷ്ടം പ്രതിയുണ്ടാക്കി എന്നാണ് കണക്കിൽ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനടക്കം വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















Comments