ന്യൂയോർക്ക്: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയ്ക്ക് സസ്‌പെൻഷൻ. ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് അംഗങ്ങളാണ് ഇത് സംബന്ധിച്ച പ്രമേയത്തെ പിന്തുണച്ചത്. യുക്രെയ്‌നിൽ റഷ്യ നടത്തുന്നത് മനുഷ്യാവകാശ ധ്വംസനങ്ങളാണെന്ന് ആരോപിച്ചാണ് നടപടി. പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു.
യുഎസ് ആണ് പ്രമേയം അവതരിപ്പിച്ചത്. 197 അംഗ അസംബ്ലിയിൽ 93 രാജ്യങ്ങൾ റഷ്യയെ സസ്‌പെൻഡ് ചെയ്യുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. 24 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ ഉൾപ്പെടെ 57 രാജ്യങ്ങൾ വിട്ടുനിന്നു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ തുടക്കം മുതൽ ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ടിഎസ് തിരുമൂർത്തി പറഞ്ഞു.
നിരപരാധികളുടെ ജീവനെടുത്തും രക്തച്ചൊരിച്ചിൽ കൊണ്ടും യാതൊരു പരിഹാരവും ഉണ്ടാക്കാനാകുമെന്ന് ഇന്ത്യ കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഇന്ത്യ ആരുടെയെങ്കിലും പക്ഷം ചേരുകയാണെങ്കിൽ അത് സമാധാനത്തിന്റെയും സംഘർഷം അവസാനിപ്പിക്കുന്നതിന്റെയും പക്ഷത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്‌നിലെ ബുച്ചയിൽ റഷ്യൻ ആക്രമണത്തിൽ ആളുകൾ കൂട്ടത്തോടെ കൊല്ലപ്പെട്ടതിനെ അപലപിക്കുന്ന പ്രമേയം ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. വീടുകൾക്ക് സമീപവും കൂട്ടക്കുഴിമാടങ്ങളിലും നിരവധി പേരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പ്രമേയത്തിൽ പറയുന്നു.
ബുച്ചയിൽ റഷ്യ നടത്തിയത് കൂട്ടക്കൊലയാണെന്നാണ് യുക്രെയ്‌ന്റെ ആരോപണം. എന്നാൽ യുക്രെയ്‌നിന്റെ പ്രൊപ്പഗൻഡയുടെ ഭാഗമാണ് ആരോപണമെന്നാണ് റഷ്യയുടെ മറുപടി. ഫെബ്രുവരി 24 നാണ് റഷ്യ യുക്രെയ്‌നിൽ അധിനിവേശം തുടങ്ങിയത്.
















Comments