ന്യൂഡല്‍ഹി: ഇംഗ്ലീഷിന് പകരമുള്ള ഭാഷയായി രാജ്യത്തുടനീളം ഹിന്ദി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് പ്രാദേശിക ഭാഷകളെ പോലെയല്ലെന്നും ഹിന്ദി ഇംഗ്ലീഷിന് പകരമായി ഉപയോഗിക്കുന്ന ഭാഷയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ ഇംഗ്ലീഷിന് സമാന്തരമായി അംഗീകരിക്കപ്പെടേണ്ട ഭാഷയാണ് ഹിന്ദി. മറ്റ് പ്രാദേശിക ഭാഷകള്‍ പോലെയല്ല ഹിന്ദി. മറ്റ് ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ എടുത്ത് ഹിന്ദിയില്‍ ഉപയോഗിക്കുന്നത് നന്നാകില്ലെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ രാജ്യത്തിന്റെ ഐക്യത്തിന് ഹിന്ദി ഭാഷ വഹിക്കുന്നത് നിര്‍ണായക പങ്കാണ്. ഇന്ത്യക്കാരായ രണ്ട് പേര് തമ്മില്‍ സംസാരിക്കുമ്പോള്‍ നമ്മള് എപ്പോഴും ഇന്ത്യന്‍ ഭാഷകളാണ് ഉപയോഗിക്കുന്നത്. അത് ചിലപ്പോള്‍ പ്രാദേശിക ഭാഷയോ അല്ലെങ്കില്‍ മറ്റ് ഭാഷകളോ ആയേക്കാം. നിലവില്‍ കേന്ദ്ര മന്ത്രാലയത്തിലെ പ്രധാന ഫയലുകള്‍ ഉള്‍പ്പെടെ ഇംഗ്ലീഷില്‍ നിന്ന് ഒഴിവാക്കി ഹിന്ദിയിലേക്ക് മാറ്റുന്ന നടപടി 70 ശതമാനം പൂര്‍ത്തിയായെന്നും’ അമിത് ഷാ പറഞ്ഞു.
Comments