ന്യൂഡൽഹി: വിവിധ കേസുകളുമായി ബന്ധപ്പെട്ട് സർക്കാരുകൾ ജഡ്ജിമാരെ പഴിക്കുന്ന പ്രവണത ട്രെൻഡായി മാറിയിരിക്കുകയാണെന്നും ഇത് നിർഭാഗ്യകരമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണ. ഹൈക്കോടതി വിധിക്കെതിരെ ഛത്തീസ്ഗഢ് സർക്കാർ നൽകിയ ഹർജിയും ഈ കേസിലെ സ്വകാര്യ ഹർജിയും പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസിന്റെ നിരീക്ഷണം.
അഴിമതി നിരോധന നിയമപ്രകാരം മുൻ പ്രിൻസിപ്പൽ സെക്രട്ടറി അമൻകുമാർ സിംഗിനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് ഛത്തീസ്ഗഢ് സർക്കാർ കോടതിയെ സമീപിച്ചത്. സാദ്ധ്യതകളുടെ പുറത്താണ് ആരോപണങ്ങളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി എഫ്‌ഐആർ റദ്ദാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടവേയാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ധവെയോട് കോടതികളെ പഴിചാരരുതെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞത്.
ഇത് കേട്ടതോടെ ആ അഭിപ്രായത്തിൽ ഊന്നി നിൽക്കുന്നില്ലെന്ന് ഛത്തീസ്ഗഢ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി മറുപടി നൽകി. എന്നാൽ ഞങ്ങൾ ഓരോ ദിവസവും എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും മുതിർന്ന അഭിഭാഷകനായ നിങ്ങൾ ഒരു പക്ഷെ ഞങ്ങളെക്കാൾ ഇത് കാണുന്നുണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
സിംഗിനെതിരെ പരാതി നൽകിയ വിവരാവകാശ പ്രവർത്തക ഉച്ഛിത് ശർമ്മയും കോടതിയിൽ ഹർജി നൽകിയിരുന്നു. അജയ് സിംഗ് സർവ്വീസിൽ ചേരുമ്പോൾ 11 ലക്ഷത്തിന്റെ ആസ്തികളായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാൽ ഇപ്പോൾ ഏഴ് പ്രോപ്പർട്ടികളിലായി 2.76 കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഛത്തീസ്ഗഢ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹർജികൾ കോടതി ഏപ്രിൽ 18 ന് പരിഗണിക്കാനായി മാറ്റി.
















Comments