ബംഗളൂരു : ഗണേശ ഭഗവാനായി ക്ഷേത്രം നിർമ്മിച്ച് വിരമിച്ച മുസ്ലീം സർക്കാർ ഉദ്യോഗസ്ഥൻ. ചിക്കഹോളെ സ്വദേശിയായ പി റഹ്മാൻ ആണ് ജോലി ചെയ്തിരുന്ന ഗ്രാമത്തിൽ പുതിയ ഗണേശ ക്ഷേത്രം നിർമ്മിച്ച് നൽകിയത്. ഗണപതി ഭഗവാന്റെ കടുത്ത ആരാധകനാണ് താനെന്ന് അദ്ദേഹം പറയുന്നു.
ചിക്കഹോള റിസർവോയറിലെ ഗേറ്റ് ഒപ്പറേറ്റർ ആയിരുന്നു റഹ്മാൻ. പതിറ്റാണ്ടുകൾ നീണ്ട സേവനത്തിന് ശേഷം 2018 ലായിരുന്നു അദ്ദേഹം ജോലിയിൽ നിന്നും വിരമിച്ചത്. വിരമിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് സമീപ ഗ്രാമത്തിലെ ക്ഷേത്രത്തിൽ നിന്നും ഗണപതി വിഗ്രഹം മോഷണം പോയിരുന്നു. ഈ ഗണപതി ക്ഷേത്രത്തിന് മുൻപിലൂടെയാണ് അദ്ദേഹം ദിവസവും റിസർവ്വോയറിലേക്ക് വരുക. ചിലപ്പോഴെല്ലാം പുറത്ത് നിന്ന് അദ്ദേഹം പ്രാർത്ഥിക്കാറും ഉണ്ടായിരുന്നു.
പോലീസും നാട്ടുകാരും വിഗ്രഹത്തിനായി ഊർജ്ജിത അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസ് അന്വേഷണവും നിർത്തി. വിഗ്രഹം കണ്ടെത്താനാകാതെ പ്രദേശവാസികൾ വിഷമിക്കുമ്പോഴാണ് യാദൃശ്ചികമായി റഹ്മാൻ ഒരു സ്വപ്‌നം കാണാൻ ഇടയായത്.
ഒരു ദിവസം രാത്രി ഉറങ്ങുമ്പോൾ ഗണപതി ഭഗവാൻ റഹ്മാന്റെ സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ടു. ഗണപതി വിഗ്രഹം മോഷണം പോയ ഗ്രാമത്തിൽ പുതിയ ക്ഷേത്രം നിർമ്മിക്കണമെന്നായിരുന്നു സ്വപ്‌നത്തിൽ ലഭിച്ച നിർദ്ദേശം. ഉറക്കമുണർന്നിട്ടും ആ സ്വപ്‌നം അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും പോയില്ല. തുടർന്ന് ജോലി സമയത്ത് മിച്ചംവെച്ച തുക ഉപയോഗിച്ച് ക്ഷേത്രം നിർമ്മിക്കുകയായിരുന്നു. ഇവിടെയെത്തുന്ന പൂജാരിക്ക് നാലായിരം രൂപ ശമ്പളം നൽകുന്നതും അദ്ദേഹമാണ്.
തങ്ങൾക്ക് അള്ളാഹുവാണ് ദൈവം എങ്കിൽ മറ്റു ചിലർക്ക് അത് ഗണപതിയാണെന്ന് റഹ്മാൻ പറഞ്ഞു. എന്നിരുന്നാലും എല്ലാവരുടെയും രക്തം ചുവപ്പാണ്. അതിൽ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിർമ്മാണ വേളയിലും ഇപ്പോഴും ചിലരിൽ നിന്നായി റഹ്മാന് ഭീഷണി ഉയരുന്നുണ്ട്. എങ്കിലും അതൊന്നും വകവയ്‌ക്കാതെ അദ്ദേഹം ക്ഷേത്ര കാര്യങ്ങൾ ശ്രദ്ധിക്കുന്നത് തുടരുകയാണ്.
















Comments