മുംബൈ: യാഷ് നായകനായ കെജിഎഫ് ഇന്ത്യൻ സിനിമയിൽ സൃഷ്ടിച്ച അലയൊലികൾ ഇനിയും അടങ്ങിയുട്ടില്ല. വലിയ അവകാശവാദങ്ങളൊന്നും മുഴക്കാതെ എത്തിയ ചിത്രം ഇരു കൈയ്യും നീട്ടിയാണ് സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. പഞ്ച് ഡയലോഗുകൾ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും സിനിമ രാജ്യത്താകമാനം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യ നേടി. സിനിമയിലൂടെ ആരാധകർക്കിടയിൽ യാഷിന് വലിയ താരമൂല്യം കൈവരിക്കാനും കെജിഎഫ് വഴിവച്ചു.
സിനിമയുടെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. കൊറോണ കാരണം രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത് വളരെ നീണ്ടുപോയി. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും വിരാമമിട്ട് സിനിമ ഈ മാസം 14ന് തീയ്യറ്ററുകളിലെത്തും. KGF 2 ലൂടെ റോക്കിംഗ് സ്റ്റാർ യാഷ് ബിഗ് സ്‌ക്രീനിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്താൻ പോകുന്നുവെന്നാണ് വിലയിരുത്തൽ.
സിനിമയുടെ ആദ്യ ഭാഗം ഗംഭീര ഹിറ്റായിരുന്നു. രണ്ടാം ഭാഗം ഇതിലും മികച്ചതായിരിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. കെജിഎഫ് 2-നെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ വർഷത്തെ ഏറ്റവും ഉയർന്ന വരുമാനമുള്ള ആദ്യ അഞ്ചിൽ ഇടം നേടിയാൽ അതിശയിക്കാനില്ലെന്ന് സിനിമാ രംഗത്തെ പ്രമുഖർ വിലയിരുത്തുന്നു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിൽ തന്നെ ചില റെക്കോർഡുകൾ തകർത്തിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, KGF 2 ഉടൻ തന്നെ ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും ചിത്രമായ RRR-നെ മറികടക്കും.
ഡിഎൻഎയിലെ റിപ്പോർട്ട് അനുസരിച്ച് കെജിഎഫ് 2 ആദ്യ ദിനത്തിലെ ആദ്യ ബോക്സ് ഓഫീസ് കളക്ഷൻ ഏകദേശം 90 കോടി രൂപ നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദി പതിപ്പ് 30 കോടിയോളം വരുമെന്നാണ് പ്രവചനം. യാഷ് അഭിനയിച്ച ചിത്രം അതിന്റെ ഹിന്ദി പതിപ്പിലൂടെ 30 കോടി നേടിയാൽ അത് ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച ആർആർആറിന്റെ ഇരട്ടി നേട്ടമാകും. എസ്എസ് രാജമൗലിയുടെ ഹിന്ദി പതിപ്പ് ആദ്യദിനം 17 കോടി നേടിയെന്നാണ് റിപ്പോർട്ട്. ഇതുപ്രകാരം RRR-നെ പിന്നിലാക്കാനുള്ള കരുത്ത് KGF 2 ന് ഉണ്ടെന്ന് സിനിമാലോകം വിലയിരുത്തുന്നു.
RRR പോലെ, യഷ് നായകനായ KGF 2 ന്റെ ടിക്കറ്റ് നിരക്കും ഉയർന്ന വിലയ്‌ക്ക് എടുക്കാൻ പ്രേക്ഷകർ തയ്യാറാണ്. ആരാധകർ സമൃദ്ധമായി മുൻകൂർ ബുക്കിംഗ് നടത്തുന്നതാണ് ബോക്‌സ് ഓഫീസിൽ ടിക്കറ്റ് വില ഉയരാനിടയാക്കിയത്. യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ടൻ എന്നിവരും അഭിനയിക്കുന്ന സിനിമ ഏപ്രിൽ 14 ന് പ്രദർശനത്തിനെത്തും. സിനിമയുടെ ട്രെയിലറിന് വൻ പിന്തുണയാണ് ലഭിച്ചത്.
Comments