മുംബൈ: ഐപിഎല്ലിൽ മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ബാംഗ്ലൂരിന് ജയം. 18-ാം ഓവറിൽ 9 പന്ത് ശേഷിക്കേ ഏഴ് വിക്കറ്റിനാണ് ബാംഗ്ലൂർ മുംബൈയെ മലർത്തിയടിച്ചത്. മുംബൈ ഉയർത്തിയ 152 വിജയലക്ഷ്യമാണ് ബാംഗ്ലൂർ നിഷ്പ്രയാസം മറികടന്നത്. അനുജ് റാവത്തിന്റെ വെടിക്കെട്ട് പ്രകടനമാണ് മുംബൈയെ തറപറ്റിച്ചത്. ഐപിഎല്ലിൽ മുംബൈയുടെ നാലാം തോൽവിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട മുംബൈയ്‌ക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടാനായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ മൂന്ന് വിക്കറ്റ് മാത്രമാണ് മുംബൈ വീഴ്‌ത്തിയത്. നായകൻ ഫാഫ് ഡു പ്ലെസി(16), അനുജ് റാവത്ത്(66), വിരാട് കോഹ്ലി(48) എന്നിവരുടെ വിക്കറ്റാണ് ആർസിബിയ്‌ക്ക് നഷ്ടമായത്. ദിനേശ് കാർത്തിക്(7), ഗ്ലെൻ മാക്‌സ് വെൽ(8) എന്നിവർ പുറത്താകാതെ നിന്നു.
അനുജ് റാവത്തിന്റെ മിന്നും പ്രകടനമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോർ നേടിക്കൊടുത്തത്. 47 പന്തിൽ നിന്നും ആറ് സിക്‌സറുകളുടെയും രണ്ട് ബൗണ്ടറികളുടെയും സഹായത്തോടെ 66 റൺസാണ് അനുജ് നേടിയത്. എന്നാൽ 16ാം ഓവറിന്റെ അവസാനത്തിൽ അനുജിനെ രമൺദീപ് സിംഗ് റണൗട്ടാക്കുയായിരുന്നു. അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ അർദ്ധ സെഞ്ച്വറിലിയലേയ്‌ക്ക് അടുത്ത വിരാട് കോഹ്ലിയെ ബ്രവിസ് എൽബിഡബ്ല്യൂവിൽ കുടുക്കുകയായിരുന്നു. ഇതോടെ കോഹ്ലി 48 റൺസ് നേടി മടങ്ങുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ, 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടി. സൂര്യകുമാർ യാദവിന്റെ അർദ്ധസെഞ്ച്വറിയാണ് മുംബൈയ്‌ക്ക് മുതൽക്കൂട്ടായത്. 37 പന്തിൽ നിന്ന് ആറ് സിക്‌സുകളുടെയും അഞ്ച് ബൗണ്ടറികളുടെയും അകമ്പടിയോടെ 68 റൺസാണ് യാദവ് നേടിയത്.
ഓപ്പണർമാരായ രോഹിത് ശർമ്മയും ഇഷാൻ കിഷനും 26 റൺസ് വീതം നേടി. ഇരുവരുടെയും കൂട്ടുകെട്ട് 50 റൺസാണ് ടീമിന് സമ്മാനിച്ചത്. 15 പന്തുകൾ നേരിട്ട രോഹിത്, ഒരു സിക്‌സറിന്റെയും നാല് ബൗണ്ടറികളുടെയും സഹായത്തോടെയാണ് 26 റൺസ് നേടിയത്. ബാംഗ്ലൂർ താരം ഹർഷൽ പട്ടേലിന്റെ പന്തിൽ, ഹർഷൽ തന്നെ ക്യാച്ചെടുത്താണ് ക്യാപ്റ്റൻ രോഹിത്തിനെ പുറത്താക്കിയത്. 28 പന്തുകളിൽ നിന്ന് മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെയാണ് ഇഷാൻ കിഷൻ 26 റൺസ് സ്വന്തമാക്കിയത്. മുഹമ്മദ് സിറാജാണ് ഇഷാൻ കിഷന്റെ വിക്കറ്റ് വീഴ്‌ത്തിയത്.
ഡെവാൾഡ് ബ്രെവിസിനെയും(8), തിലക് വർമ(0), കെയ്‌റോൺ പൊള്ളാർഡ്(0), രമൺദീപ് സിംഗ്(6), ജയ്‌ദേവ് ഉനദ്ഘട്ട്(13) എന്നിങ്ങനെയാണ് മുംബൈ താരങ്ങളുടെ സ്‌കോർ. സൂര്യകുമാർ യാദവും, ഉനദ്ഘട്ടുമാണ് മുംബൈ നിരയിൽ പുറത്താകാതെ നിന്നത്.
Comments