കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിനിടെ കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ച കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈന്റെ മൃതദേഹം മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിന് വിട്ട് നൽകും. കളമശ്ശേരി മെഡിക്കൽ കോളേജിനാണ് മൃതദേഹം കൈമാറുന്നത്. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജോസഫൈൻ അന്തരിക്കുന്നത്.
ജോസഫൈന്റെ മൃതദേഹം ഇന്ന് രാത്രിയോടെ അങ്കമാലിയിലെത്തിക്കും. നാളെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലും സിഎസ്‌ഐ ഓഡിറ്റോറിയത്തിലും മൃതദേഹം പൊതു ദർശനത്തിന് വെയ്‌ക്കുന്നുണ്ട്. പൊതുദർശനമെല്ലാം പൂർത്തിയാക്കിയ ശേഷമാകും മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുക. മൃതദേഹം വിട്ടുകൊടുക്കണമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു.
എകെജി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്ന ജോസഫൈൻ ഇന്ന് ഒരു മണിയോടെയാണ് മരിക്കുന്നത്. മൃതദേഹം രാത്രി 11 മണിയോടെ വൈപ്പിനിലെ വസതിയിലെത്തിക്കും. മൃതദേഹത്തെ എം സ്വരാജിന്റെ നേതൃത്വത്തിലുള്ള പാർട്ടി നേതാക്കൾ അനുഗമിക്കും. ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
















Comments