ചെന്നൈ : തമിഴ്‌നാട്ടിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിസ്ത്യൻ സ്‌കൂൾ അദ്ധ്യാപകർ അറസ്റ്റിൽ. തമിഴ് ഇവാഞ്ചിലിക്കൽ ലുതേരാൻ ചർച്ചിന്റെ നേതൃത്വത്തിലുള്ള സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ തോമസ് സാമുവൽ, മറ്റൊരു സ്‌കൂളിലെ കണക്ക് അദ്ധ്യാപകൻ ആയ ആരോഗ്യ അരുൾ തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ സ്‌കൂൾ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിലാണ് തോമസ് സാമുവലിനെ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെൺകുട്ടികളിൽ ഒരാളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് വ്യക്തമായി. തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഒൻപത് വിദ്യാർത്ഥിനികളെ ഇത്തരത്തിൽ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം.
പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ആയിരുന്നു അരുൾ തോമസിനെ അറസ്റ്റ് ചെയ്തത്. പരീക്ഷ ഡ്യൂട്ടിയ്‌ക്കിടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ അടുത്ത് ചെന്ന ഇയാൾ ശരീരത്തിൽ തൊടുകയായിരുന്നു. സംഭവം കുട്ടി പ്രധാനാദ്ധ്യാപകനോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ശിശു സംരക്ഷണ സമിതിയെ സമീപിക്കുകയായിരുന്നു.
പോക്‌സോ നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇരുവരെയും സ്‌കൂളിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.
Comments