ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്‌ക്ക് കൈത്താങ്ങായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ഇന്ധന കപ്പലുകൾ കൂടി ശ്രീലങ്കയിലേക്ക് ഇന്ത്യ അയച്ചു. 36,000 ടൺ പെട്രോളും 40,000 ടൺ ഡീസലുമാണ് കയറ്റി അയച്ചത്. ശ്രീലങ്കയിലേക്കുള്ള മൊത്തം ഇന്ധന വിതരണം 270, 000 ടണ്ണായി ഉയർത്തിയതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
രണ്ട് കോടി ജനങ്ങളുള്ള ശ്രീലങ്ക ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. ഇന്ധനത്തിന്റെ കുറവ് മൂലം ദിവസവും മണിക്കൂറുകളോളം പവർ കട്ട് അടക്കം നിരവധി പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോൾ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീലങ്കയ്‌ക്ക് സഹായവുമായി ഇന്ത്യ എത്തിയത്. അതേസമയം ഇന്ധന ക്ഷാമം പരിഹരിക്കാൻ ഇന്ത്യയിൽ നിന്നും 50 ദശലക്ഷം ഡോളറിന്റെ സഹായം തേടുമെന്ന് ശ്രീലങ്കൻ ധനമന്ത്രി അലി സാബ്രി പറഞ്ഞിരുന്നു.
സാമ്പത്തിക സഹായം പരിഹരിക്കാനും രാജ്യത്തെ അവശ്യ വസ്തുക്കളുടെ ക്ഷാമത്തിൽ നിന്നും കരകയറ്റാനും അടുത്ത ആറ് മാസത്തിനുള്ളിൽ 300 കോടി ഡോളറിന്റെ വിദേശസഹായം ആവശ്യമാണെന്നാണ് അലി സാബ്രി അറിയിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ സഹായത്തിനായി ഇന്ത്യയെയാണ് ശ്രീലങ്ക കൂടുതലായി ആശ്രയിക്കുന്നത്.
















Comments