കൊല്ലം: വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. അമ്മയെ മർദ്ദിച്ച മകൻ ഓമനക്കുട്ടനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ജനം ടി വി വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സംഭവത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാ കുമാരി ആവശ്യപ്പെട്ടു. ചവറ തെക്കുംഭാഗത്താണ് വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചത്. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ മൃഗീയമായി മർദ്ദിച്ചത്. തടയാൻ ശ്രമിച്ച സഹോദരനും മർദ്ദനമേറ്റു. അയൽവാസിയായ ഒരു വിദ്യാർത്ഥിയാണ് ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
അതേസമയം, മകൻ തന്നെ മർദ്ദിച്ചിട്ടില്ലെന്നും, ഒന്ന് തള്ളിയിടുകയും, പുറത്തൊന്ന് അടിയ്ക്കുകയും മാത്രമാണ് ചെയ്തതെന്നും അമ്മ പറയുന്നു. മകനെതിരെ പരാതിയില്ലെന്നാണ് അമ്മയുടെ മൊഴി. എന്നാൽ ദൃശ്യങ്ങളുടെയും പ്രദേശവാസികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഓമനക്കുട്ടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും, നാളെ കസ്റ്റഡിയിൽ ഹാജരാക്കുമെന്നും പോലീസ് പറയുന്നു.
















Comments