മുയൽ ഒരു ഭീകര ജീവിയാണ്… ഹേ ഓമനത്തമുള്ള മുയലിനെ പറ്റി എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ തോന്നുന്നു എന്നല്ലേ? നമുക്കല്ല മുയൽ ഒരു ഭീകര ജീവി. അങ്ങ് ദൂരെ ദൂരെയുള്ള ഓസ്‌ട്രേലിയക്കാർക്കാണ്. മുയൽ എങ്ങനെ അവർക്ക് ഭീകര ജീവി ആയി എന്നല്ലേ ആ കഥയാണ് നമ്മളിന്ന് അറിയാൻ പോവുന്നത്.
തെക്കൻ സംസ്ഥാനമായ വിക്ടോറിയയിലെ വിൻചെൽസിയിൽ തോമസ് ഓസ്റ്റിൻ എന്ന കർഷകന്റെ മുയലിനോടുള്ള ഇഷ്ടമാണ് ഓസ്‌ട്രേലിയയിൽ മുയലിനെ ഒരു ഭീകര ജീവി ആക്കി മാറ്റിയത്.1859ൽ ഇംഗ്ലണ്ടിൽ നിന്നുള്ള 24 കാട്ടുമുയലുകളെ തന്റെ കൃഷിയിടത്തിന് സമീപം ഓസ്റ്റിൻ തുറന്നുവിട്ടു.വേഗത്തിൽ പെറ്റുപെരുകിയ കാട്ടുമുയലുകൾ രണ്ടു വർഷം കൊണ്ട് ഓസ്റ്റിന്റെ കൃഷിയിടം മുഴുവൻ തരിശാക്കി പെറ്റ് പെരുകി സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. എന്നാൽ ഇങ്ങനെ പെറ്റുപെരുകി കൊണ്ടിരിക്കുന്ന മുയലുകളെ നശിപ്പിക്കാൻ തക്കവണ്ണം രോഗമോ ജീവിയോ അവിടെ ഉണ്ടായിരുന്നില്ല.ഇത് മുയലുകൾ നിയന്ത്രണമില്ലാതെ പെറ്റുപെരുകാൻ കാരണമായി.
ശരിക്കും ഒരു ‘മുയൽ അധിനിവേശത്തിന് ഓസ്‌ട്രേലിയ പിന്നീട് സാക്ഷ്യംവഹിച്ചു. കൃഷിയിടങ്ങളും കുറ്റിക്കാടുകളും ഉൾപ്പടെ എല്ലാ പച്ചപ്പുകളും മുയലുകൾ തിന്നു തീർത്തു. ആയിരക്കണക്കിന്, പതിനായിരക്കണക്കിന് മുയലുകൾ വലിയ സൈന്യം പോലെ മുന്നേറി. വെട്ടുകിളി ആക്രമണം പോലെയായിരുന്നു അത്. പ്രതിവർഷം 75 കിലോമീറ്റർ വീതമായിരുന്നു അവയുടെ വ്യാപനം! 1880 ആയപ്പോഴേക്കും വിക്ടോറിയ സംസ്ഥാനം തരിശാക്കിയ അവ, സൗത്ത് ഓസ്‌ട്രേലിയയിലേക്കും ന്യൂ സൗത്ത് വെയ്ൽസിലേക്കും വ്യാപിച്ചു. 1890 ഓടെ പടിഞ്ഞാറൻ ഓസ്‌ട്രേലിയയും മുയൽ ഭീഷണിയിലായി.
1920 കാലത്ത് രാജ്യത്തെ കാട്ടുമുയലുകളുടെ എണ്ണം 100 കോടി കവിഞ്ഞു. മുയലുകളുടെ ഈ അധിനിവേശം ആരംഭിക്കുന്നതുവരെ, ‘എമു’ എന്ന പേരുള്ള കുറ്റിച്ചെടി ഓസ്‌ട്രേലിയയുടെ അർദ്ധ ഊഷര മേഖലകളിൽ വർഷത്തിൽ എല്ലാക്കാലത്തും ഒരു പരിധി വരെ പച്ചപ്പ് സൃഷ്ടിച്ചിരുന്നു. എന്നാൽ വിളകളും എമു കുറ്റിച്ചെടികളും ഉൾപ്പടെ എല്ലാ പച്ചപ്പും മുയലുകൾ തിന്നുതീർത്തു. മുയലുകൾ പച്ചപ്പ് തീർത്തതോടെ, ആടുകൾക്കും മറ്റ് വളർത്തു മൃഗങ്ങൾക്കും കൂടുതൽ അകലെയുള്ള മേച്ചിൽപ്പുറങ്ങളെ ആശ്രയിക്കേണ്ടി വന്നു. അതും പരിസ്ഥിതിക്ക് ആഘാതമേൽപിച്ചു.
സംഗതി കൈവിട്ട് പോകുമെന്ന് തോന്നിയതോടെ മറ്റ് സ്ഥലങ്ങളിലേക്ക് മുയലുകൾ വ്യാപിക്കാതിരിക്കാൻ ഒരു വേലി കെട്ടാൻ സർക്കാർ തീരുമാനിച്ചു. ഇതാണ് പിന്നീട് ലോകത്തെ ഏറ്റവും വലിയ വേലികളിലൊന്നായി മാറിയ റാബിറ്റ് പ്രൂഫ് ഫെനസ് അഥവാ മുയൽ ചാടാ വേലി. പെർത്ത് നഗരം ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിലേക്ക് മുയലുകൾ വ്യാപിക്കുന്നത് തടയാൻ വെസ്റ്റ് ഓസ്‌ട്രേലിയൻ സർക്കാർ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽനിർമ്മിച്ചതാണ് ‘മുയല്ചാടാ വേലി’.
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ നിർമാണം ആരംഭിച്ച വേലി 1907ലാണ് പൂർത്തിയായത്.പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ തെക്കുനിന്ന് വടക്കുവരെ എത്തുന്ന വേലിക്ക് മൂന്ന് ശാഖകളുണ്ട്. മൊത്തം 3253 കിലോമീറ്റർ നീളം! വലിയ പ്രതീക്ഷയോടെയാണ് നിർമ്മിച്ചതെങ്കിലും, വേലി പരാജയമായി. കാരണം, മുയലുകൾ അതിനകം പടിഞ്ഞാറൻ ഭാഗത്ത് എത്തിക്കഴിഞ്ഞിരുന്നു.
ഒടുവിൽ അറ്റകൈ തന്നെ പ്രയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. 1950ൽ തെക്കേ അമേരിക്കയിൽ നിന്ന് ‘മൈക്‌സോമ വൈറസി’നെ ഓസ്‌ട്രേലിയയിലെത്തിച്ചാണ് മുയൽ ഭീഷണിക്ക് വിരാമമിട്ടത്. ആ വൈറസ് ബാധിച്ച് മുയലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. മുയലുകളുടെ താണ്ഡവം തുടരുന്നതിനിടെയാണ് 1890കളിലെ കൊടിയ വരൾച്ച ഓസ്‌ട്രേലിയയെ ബാധിക്കുന്നത്. മുയലുകൾ നശിപ്പിച്ച പച്ചപ്പിനെ ഒന്നു കൂടി നശിപ്പിക്കുന്നതായി ആ വരൾച്ച.പിന്നീട് ഓസ്‌ട്രേലിയയ്‌ക്ക് ഒരിക്കലും പഴയ ഹരിതാഭ തിരിച്ചു കിട്ടിയില്ല. ലോകത്തെ ഏറ്റവും ഊഷരമായ പ്രദേശങ്ങളിലൊന്നായി ഓസ്‌ട്രേലിയ ഇപ്പോൾ മാറിയതിന് മുയലുകളും കാരണക്കാരാണെന്ന് സാരം. ഇങ്ങനെയാണ് മുയൽ ഒരു ഭീകര ജീവിയായി മാറിയത്.
Comments