ഖാർഗോൺ; രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീവെക്കുകയും ചെയ്ത മതതീവ്രവാദികൾക്കെതിരെ ശക്തമായ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ. അക്രമത്തിന് പിന്നാലെ ഇവരുടെ അനധികൃത നിർമാണങ്ങൾ മണിക്കൂറുകൾക്കുള്ളിൽ മദ്ധ്യപ്രദേശ് പോലീസ് പൊളിച്ചുനീക്കി. അനധികൃത വ്യാപാര സ്ഥാപനങ്ങളും വീടുകളുമാണ് പൊളിച്ചുനീക്കിയത്.
ഞായറാഴ്ചയാണ് ഖാർഗോണിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ ഒരു സംഘം കല്ലെറിയുകയും അക്രമം നടത്തുകയും ചെയ്തത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു അക്രമങ്ങൾ. സംഭവത്തിൽ 84 പേരെ അറസ്റ്റ് ചെയ്തതായി ഇൻഡോർ ഡിവിഷൻ കമ്മീഷണർ പവൻ ശർമ്മ പറഞ്ഞു. ഇതിന് പിന്നാലെയാണ് അക്രമികളായ മതതീവ്രവാദികൾ അനധികൃതമായി നിർമിച്ച കടകളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് അധികൃതർ പൊളിച്ചത്. അൻപതോളം അനധികൃത നിർമാണങ്ങൾ ഇത്തരത്തിൽ പൊളിച്ചുനീക്കി.
ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ് നിയന്ത്രണാതീതമായതോടെ അക്രമികൾക്ക് നേരെ ടിയർഗ്യാസ് പ്രയോഗിച്ചാണ് പോലീസ് സ്ഥിതി ശാന്തമാക്കിയത്. പലവട്ടം പോലീസ് പിരിഞ്ഞുപോകാനും ശാന്തരാകാനും നിർദ്ദേശം നൽകിയെങ്കിലും അക്രമികൾ അനുസരിച്ചില്ല. കല്ലേറിന് പിന്നാലെ ചില വാഹനങ്ങൾക്കും വീടുകൾക്കും തീവെയ്‌ക്കുകയും ചെയ്തിരുന്നു.
അക്രമത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. മുൻകരുതൽ നടപടിയുടെ ഭാഗമായി തിങ്കളാഴ്ച രാത്രിയിലും ഞായറാഴ്ച രാത്രിയിലും ഖാർഗോൺ നഗരത്തിലാകെ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. അടിയന്തിര മെഡിക്കൽ ആവശ്യങ്ങൾക്ക് അല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നാട്ടുകാർക്ക് പോലീസ് കർശന നിർദ്ദേശം നൽകിയിരുന്നു. നിയമലംഘകർക്കെതിരായ നടപടി പോലീസ് തുടരുകയാണെന്നായിരുന്നു ഐജി രാകേഷ് ഗുപ്തയുടെ പ്രതികരണം.
സംഭവത്തിൽ പൊതുസ്വത്തുക്കൾക്കും സ്വകാര്യ സ്വത്തുക്കൾക്കും ഉണ്ടായ നാശനഷ്ടം അക്രമികളിൽ നിന്നും ഈടാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കിയിരുന്നു.

















Comments