കോഴിക്കോട്: മുക്കം കെഎംസിടി പോളി ടെക്‌നിക് കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം കനക്കുന്നു.വിദ്യാർത്ഥികൾ ചേർന്ന് കോളേജ് പ്രിൻസിപ്പലിനേയും അദ്ധ്യാപകരേയും പൂട്ടിയിട്ടു.അദ്ധ്യാപക സമരം മൂലം പരീക്ഷയെഴുതാൻ കഴിയാതെ 600 വിദ്യാർത്ഥികൾ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്നലെയാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്.ഒന്നാം വർഷ വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയാണ് അദ്ധ്യാപകരുടെ സമരത്തെ തുടർന്ന് എഴുതാനാകാതെ പോയത്.കഴിഞ്ഞ ജനുവരിയിലാണ് അദ്ധ്യാപകർ സമരം നടത്തിയത്. ശമ്പളം നൽകാത്തതിനെ തുടർന്നായിരുന്നു അദ്ധ്യാപകർ സമരം നടത്തിയിരുന്നത്. തുടർന്ന് പരീക്ഷ മുടങ്ങുകയായിരുന്നു.
അദ്ധ്യാപകസമരം ഒത്തുതീർപ്പായതോടെ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷയെഴുതാൻ അവസരം നൽകുമെന്നും ആരും തോൽക്കില്ലെന്നും കോളജ് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പരീക്ഷാഫലം വന്നപ്പോൾ 600 കുട്ടികൾ തോറ്റു. ഇതേതുടർന്നാണ് വിദ്യാർത്ഥികൾ അനിശ്ചിത കാല സമരവുമായി രംഗത്തെത്തിയത്.
സപ്ലിമെന്ററി പരീക്ഷ എഴുതുന്നത് തുടർ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്നും അതിനാൽ റീ ടെസ്റ്റ് നടത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
















Comments