ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും മൂലം തകർന്നടിയുകയാണ് ദ്വീപ് രാജ്യമായ ശ്രീലങ്ക. കൊറോണ മഹാമാരി ഉയർത്തിയ ആഗോള പ്രതിസന്ധിയാണ് ശ്രീലങ്കയെ ഈ അവസ്ഥയിലാക്കിയത്. എന്നാൽ ഇതിൽ നിന്നും കരകയറാൻ രാജ്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനിടെയാണ് ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വാർത്തകൾ പുറത്ത് വരുന്നത്.
സ്വാതന്ത്ര്യം ലഭിച്ച ശേഷം ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ശ്രീലങ്ക ഇപ്പോൾ കടന്നുപോകുന്നത്. ഭക്ഷണമോ, മരുന്നോ, ഇന്ധനമോ ഇല്ലാതെയാണ് ആളുകൾ ജീവിക്കുന്നത്. അതിനിടെ നിരന്തരം ഉണ്ടാകുന്ന പവർക്കട്ടുകളും ജനജീവിതത്തെ ബാധിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജി വെയ്‌ക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ഭരണകൂടം അതിന് തയ്യാറാകുന്നില്ല.
ഭരണ പ്രതിസന്ധി പുതുമയല്ലെങ്കിലും നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും രാഷ്‌ട്രീയ അനിശ്ചിതത്വത്തിലേക്കും നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിനോദ സഞ്ചാരത്തെയും പരിമിതമായ ചരക്ക് കയറ്റുമതികളെയും ആശ്രയിച്ച് ജീവിക്കുന്ന രാജ്യമാണ് നേപ്പാൾ. എന്നാൽ കൊറോണ വ്യാപനം രൂക്ഷമായതോടെ ഇത് ഇല്ലാതായി. കഴിഞ്ഞ വർഷം സംഭവിച്ച രാഷ്‌ട്രീയ പ്രതിസന്ധി നേപ്പാളിൽ സാമ്പത്തിക പ്രതിസന്ധി വരുത്തിവെച്ചു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇപ്പോൾ തകരുമെന്ന അവസ്ഥയിലാണ് നേപ്പാൾ എന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
എന്നാൽ രാജ്യം അത്രമാത്രം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നില്ലെന്ന് നേപ്പാൾ ധനമന്ത്രി ജനാർദ്ദൻ ശർമ്മ പറഞ്ഞു. നേപ്പാളിലെ പ്രതിസന്ധിയെക്കുറിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ഉത്പാദനം-വരുമാന വ്യവസ്ഥയുടെ കാര്യത്തിൽ നേപ്പാൾ താരതമ്യേന മെച്ചപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഡംബര വസ്തുക്കളുടെ ഇറക്കുമതി കാരണം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സമ്മർദ്ദത്തിലാണ്. എന്നാൽ നേപ്പാളിന് വലിയ വിദേശ കടബാധ്യതയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേപ്പാളിൽ, ശർമ്മ ഒലി സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച രാഷ്‌ട്രീയ പ്രതിസന്ധിക്ക് പിന്നാലെ 2021 ജൂലൈ മുതൽ വിദേശനാണ്യ കരുതൽ ശേഖരം കുറയുകയാണ്. വിനോദസഞ്ചാരത്തിൽ നിന്നും കയറ്റുമതിയിൽ നിന്നുമുള്ള വരുമാനം കുത്തനെ കുറഞ്ഞപ്പോൾ ഇറക്കുമതി കുതിച്ചുയരുകയും ചെയ്തു. ഇതാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണമായത്.
















Comments