ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകണമെന്നും സമാധാനം പാലിക്കണമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദന സന്ദേശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമോദനത്തിന് നന്ദി. ഇന്ത്യയുമായി സമാധാനവും സഹകരണവുമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള തർക്കങ്ങളിൽ ജമ്മു കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. അത് അന്ത്യന്താപേക്ഷിതമാണെന്നും തീവ്രവാദത്തിനെതിരെയുള്ള പാകിസ്താന്റെ പോരാട്ടവും ത്യാഗങ്ങളും ഏറെ പ്രശസ്തമാണെന്നും പുതിയ പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പാകിസ്താനിൽ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷെഹബാസ് ഷെരീഫിന് അഭിനന്ദനങ്ങൾ എന്നാണ് നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്. ഭീകരതയിൽ നിന്ന് മുക്തമായ മേഖലയാണ് ആഗ്രഹിക്കുന്നതെന്നും അതുവഴി ഇരുരാജ്യങ്ങൾക്കും വികസകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും ജനങ്ങൾക്ക് ക്ഷേമം ഉറപ്പാക്കാൻ കഴിയുമെന്നും മോദി പറഞ്ഞിരുന്നു. സമാധാനവും സുസ്ഥിരതയുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇതിന് മറുപടിയായാണ് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയാണ് പാകിസ്താന്റെ പ്രധാനമന്ത്രിയായി ഷെഹബാസ് ഷെരീഫിനെ തിരഞ്ഞെടുത്തത്. സഭ വിട്ട് പിടിഐ അംഗങ്ങൾ ഇറങ്ങിപ്പോയതോടെ എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിന് പിന്നാലെ കശ്മീർ ജനതയക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും ജമ്മുകശ്മീർ വിഷയത്തിൽ തുടർന്ന് പോരുന്ന തർക്കങ്ങളെക്കുറിച്ചും ദേശീയ അസംബ്ലിയിൽ അദ്ദേഹം സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് മറുപടിയും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണമുണ്ടായത്.
















Comments