കൊച്ചി: റീടെയിൽ കമ്പനികൾക്കുള്ള നിരക്കിൽ കെഎസ്ആർടിസിക്ക് ഇന്ധനം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിപണി വിലയേക്കാൾ ഉയർന്ന നിരക്ക് ഈടാക്കുന്നത് വിവേചനപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഡീസൽ വില കുത്തനെ വർധിപ്പിച്ച എണ്ണക്കമ്പനികളുടെ നീക്കത്തെ ചോദ്യം ചെയ്ത് കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജി പരിഗണിച്ച കോടതി വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഡീസൽ ലിറ്ററിന് 121 രൂപ വരെ ഈടാക്കിയാണ് കെഎസ്ആർടിസിക്ക് ഇന്ധനം നൽകിയിരുന്നത്. ബൾക്ക് യൂസർ ആണെന്ന പേരിലാണ് എണ്ണക്കമ്പനികൾ ഇത്തരത്തിൽ വില ഈടാക്കിയിരുന്നത്. എന്നാൽ കെഎസ്ആർടിസി പോലെ ഒരു പൊതുഗതാഗത സംവിധാനത്തിന് ഇത്തരത്തിൽ വലിയ വിലയിൽ ഇന്ധനം നൽകുന്നത് ശരിയല്ലെന്നും രാജ്യത്തെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്നും വിവേചനപരമാണെന്നും ഹർജിയിൽ പരാമർശിച്ചിരുന്നു. കെഎസ്ആർടിസി ലാഭേച്ഛയോട് കൂടി പ്രവർത്തിക്കുന്ന സ്ഥാപനമല്ലെന്നും സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചു. അതിനാൽ എണ്ണക്കമ്പനികൾ കൂടിയ നിരക്ക് ഈടാക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്നും ഹർജിയിൽ കെഎസ്ആർടിസി വാദിച്ചിരുന്നു.
ഇതോടെ സാധാരണ റീടെയിൽ കമ്പനികൾക്ക് നൽകുന്ന നിരക്കിൽ കെഎസ്ആർടിസിക്കും ഇന്ധനം നൽകണമെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു ഹൈക്കോടതി. ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി വിധി ആശ്വാസം പകരുന്നതാണെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.
















Comments