കൊച്ചി : കെഎസ്ആർടിസി തൊഴിലാളികൾ അനിശ്ചിത കാല സമരത്തിലേക്ക്. ഏപ്രിൽ 13 ആയിട്ടും മാർച്ച് മാസത്തെ ശമ്പളം പോലും നൽകാൻ തയ്യാറാകാത്ത മാനേജ്മെന്റിന്റെയും ഇടപെടാൻ തയ്യാറാകാത്ത വകുപ്പ് മന്ത്രിയുടെയും നിലപാടിൽ പ്രതിഷേധിച്ചാണ് സമരം.
എഐടിയുസി ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിത കാല സമരം നടത്താനാണ് കേരള സ്റ്റേറ്റ് ട്രാൻസ് പോർട്ട് എംപ്ലോയീസ് യൂണിയന്റെ തീരുമാനം. വിഷുവിന് മുൻപ് ശമ്പളം വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഇല്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരണമടക്കമുളള നടപടികളിലേക്ക് സംഘടന പോകും. വെളളിയാഴ്ച കൂടുന്ന സംസ്ഥാന നേതൃയോഗത്തിൽ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും.
ഈ മാസം 28ന് പണിമുടക്ക് നടത്തുമെന്ന് ഭരണാനുകൂല സംഘടനയായ കെഎസ്ആർടിഇഎ അറിയിച്ചു. നാളെ മുതൽ യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫിസിന് മുന്നിലും അനിശ്ചിതകാല റിലേ നിരാഹാര സമരവും ആരംഭിക്കും.
Comments