കാബൂൾ : ആക്രമണത്തിലൂടെ അഫ്ഗാനിസ്താൻ പിടിച്ചെടുത്ത താലിബാന്റെ ഞെട്ടിക്കുന്ന ക്രൂരതകൾ വീണ്ടും പുറത്ത്. അഫ്ഗാനിലെ മുൻ സൈനികർ ഉൾപ്പെടെ 500 ഓളം ഉദ്യോഗസ്ഥരെ താലിബാൻ കൂട്ടക്കൊല ചെയ്തെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സേനയെ സഹായിച്ചിരുന്നവരെയാണ് തിരഞ്ഞുപിടിച്ച് താലിബാൻ പ്രതികാര നടപടിക്ക് വിധേയമാക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് മുതലുള്ള കണക്കുകളാണ് ഇത്. കഴിഞ്ഞ ആറ് മാസത്തിനിടെ സർക്കാർ ഉദ്യോഗസ്ഥരും സൈനികരും ഉൾപ്പെടെ നിരവധി പേരെ താലിബാൻ കൊലപ്പെടുത്തി. താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ നിരവധി പേരെ കാണാതായിരുന്നു. ഇവർ എവിടെയെന്നത് ഇനിയും അജ്ഞാതമായി തുടരുകയാണ്.
അഫ്ഗാനിലെ പ്രമുഖ പ്രവിശ്യകളിൽ ഒന്നായ ബഗ്ലാനിൽ 86 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് അനൗദ്യോഗിക വിവരം. കാണ്ഡഹാറിൽ 114 പേരെ കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇവർ ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. സൈനികരെ വലയിലാക്കാൻ താലിബാൻ ആംനെസ്റ്റിയെ കരുവാക്കുകയാണെന്നും റിപ്പോർട്ടിൽ ഉണ്ട്.
ആംനസ്റ്റിയുടെ പേരിൽ ഒരിക്കൽ തന്നെ പോലീസ് ആസ്ഥാനത്തേക്ക് താലിബാൻ വിളിച്ചുവരുത്തിയതായി ക്രൂരതയ്ക്ക് ഇരയായ സൈനികൻ വ്യക്തമാlക്കി. അവിടെയെത്തിയപ്പോൾ ചില ചോദ്യങ്ങൾ മാത്രമാണ് ചോദിച്ചത്. പിന്നീട് മർദ്ദിക്കുകയായിരുന്നു. താലിബാനെതിരെ നീ പോരാടുമല്ലേ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. തന്നെ കൊല്ലുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റിപ്പോർട്ട് തള്ളി താലിബാൻ രംഗത്ത് എത്തിയിട്ടുണ്ട്.
Comments