പാരീസ്: കണ്ണിൽ തുടർച്ചയായി അനുഭവപ്പെട്ട ചൊറിച്ചിലിന് കാരണമെന്തെന്ന് അന്വേഷിച്ച് പോയതായിരുന്നു 53-കാരനായ ഫ്രാൻസ് സ്വദേശി. എന്നാൽ തന്റെ കണ്ണിൽ ഈച്ചയുടെ ലാർവകളുണ്ടെന്നും അത് മൂലമാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നതെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന് വിശ്വസിക്കാനായില്ല.
ഫ്രാൻസിലെ സെയിന്റ് ഇറ്റീന്നെയിലുള്ള യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് അദ്ദേഹം പരിശോധനയ്‌ക്കായി എത്തിയത്. ഒരു ഡസൻ മുട്ടകൾ ഈച്ച നിക്ഷേപിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ അദ്ദേഹത്തെ അറിയിച്ചു. വലതുകണ്ണിലാണ് ഈച്ച മുട്ടയിട്ടത്. തുടർന്ന് കോർണിയയ്‌ക്ക് ചുറ്റും ഈച്ചയുടെ ലാർവകൾ പറ്റിപ്പിടിച്ചിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി.
53കാരനായ അദ്ദേഹം കുതിരകളുടെയും ചെമ്മരിയാടുകളുടെയും ഫാമിലാണ് ജോലി ചെയ്തിരുന്നത്. ഒരു ദിവസം കണ്ണിനുള്ളിലേക്ക് എന്തോ പോയ പോലെ തോന്നിയതായും അദ്ദേഹം വെളിപ്പെടുത്തി. പരിശോധന നടത്തിയതിന് പിന്നാലെ ലാർവകളെ പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഡോക്ടർമാർ. ഫോഴ്‌സെപ്‌സ് എന്ന രീതി ഉപയോഗിച്ചാണ് ഇവയെ പുറത്തെടുത്തത്.
ഇവ ചെമ്മരിയാടുകളുടെ ദേഹത്ത് പൊതുവായി കാണപ്പെടുന്ന ഈച്ചകളാണെന്ന് ഡോക്ടർമാർ പറഞ്ഞു. കണ്ണിനകത്തേക്ക് അവ പ്രവേശിച്ചിരുന്നില്ലെന്നും പുറത്തെ പാളിയിൽ പറ്റിപ്പിടിച്ച് ഇരിക്കുകയായിരുന്നുവെന്നും കണ്ടെത്തിയതിനാൽ ലാർവകളെ എളുപ്പത്തിൽ പുറത്തെടുത്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ 53കാരന് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല. അദ്ദേഹത്തിന് വ്യക്തമായ കാഴ്ച ശക്തിയുണ്ടെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.
















Comments