വയനാട് : കെഎസ്ആർടിസി കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. താമരശ്ശേരി ചുരത്തിലായിരുന്നു അപകടം. സുൽത്താൻ ബത്തേരി- തിരുവനന്തപുരം ഡീലക്‌സ് എയർ ബസ് ആണ് ചുരത്തിൽ അപകടത്തിൽപ്പെട്ടത്.
ചുരത്തിലെ എട്ടാംവളവിലാണ് അപകടം ഉണ്ടായത്. എട്ടാംവളവിലെ പാർശ്വഭിത്തിയിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ല. സംഭവസമയം ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രികർ പറഞ്ഞു. അശ്രദ്ധമായാണ് ഡ്രൈവർ ബസ് ഓടിച്ചതെന്നും യാത്രികർ വ്യക്തമാക്കി. തുടർച്ചയായ അഞ്ചാം ദിവസമാണ് ബസ് അപകടത്തിൽപ്പെടുന്നത്.
ഇന്നലെയും ചുരത്തിൽവെച്ച് കെ-സ്വിഫ്റ്റ് ബ്‌സ് അപകടത്തിൽപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ചുരം കയറുന്നതിനിടെ ആറാംവളവിൽവെച്ച് മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ സമീപത്തെ കുന്നിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തും, മലപ്പുറത്തെ രണ്ടിടങ്ങളിൽവെച്ചും ബസ് അപകടത്തിൽപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കെ- സ്വിഫ്റ്റ് ബസുകൾ സർവ്വീസ് ആരംഭിച്ചത്. അന്നേദിവസം ഉദ്ഘാടനം ചെയ്ത ബസുതന്നെ അപകടത്തിൽപ്പെട്ടിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് കെഎസ്ആർടിസി എംഡിയുൾപ്പെടെ ആരോപിക്കുന്നത്.
















Comments