ശ്രീനഗർ : ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകൾക്കും, ഹിന്ദുക്കൾക്കുമെതിരെ വീണ്ടും ഭീഷണിയുമായി ഭീകര സംഘടനയായ ലഷ്കർ ഇ ഇസ്ലാം. ഇരു വിഭാഗങ്ങളും ഉടൻ താഴ്വര വിടണമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ഭീകര സംഘടന പ്രദേശവാസികൾക്കിടയിൽ വിതരണം ചെയ്തു. ബരാമുള്ളയിലെയും, ഹവാലിലെയും പുന:രധിവാസ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ് കത്ത് നൽകിയത്.
ഒന്നുകിൽ ഇസ്ലാം മതം സ്വീകരിക്കുക, അല്ലെങ്കിൽ താഴ്വര വിട്ട് പോകുകയെന്നാണ് ഭീഷണി. ഭീഷണിവകവയ്ക്കാതെ ഇവിടെ തുടർന്നാൽ കുടുംബത്തോടെ ചുട്ടുകരിക്കുമെന്നും കത്തിൽ പറയുന്നു. കശ്മീർ വിട്ട് പോകാനായി നിങ്ങളെ നിർബന്ധിക്കുകയല്ല. കശ്മീർ മുസ്ലീങ്ങളുടെ മണ്ണാണ്. ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് അള്ളാഹുവിന്റെ ഈ മണ്ണിൽ ജീവിക്കാം. ഹിന്ദുക്കൾക്ക് ഇവിടെ താമസിക്കാനുള്ള യോഗ്യതയില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇസ്ലാം മതം സ്വീകരിക്കാതെ കശ്മീരിൽ ജീവിക്കാമെന്ന് കരുതുന്നവർക്ക് 1990 ലെ ഗതിയാകും ഉണ്ടാകുകയെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇത് രണ്ടാം തവണയാണ് കശ്മീരി പണ്ഡിറ്റുകളെയും, ഹിന്ദുക്കളെയും ഭീഷണിപ്പെടുത്തി ലഷ്കർ ഇ ഇസ്ലാം രംഗത്തുവരുന്നത്. ദിവസങ്ങൾക്ക് മുൻപ് ബരാമുള്ളയിലെ വീരവൻ പണ്ഡിറ്റ് കോളനിയിലെ ആളുകൾക്ക് ലഘുലേഖ വിതരണം ചെയ്തിരുന്നു. വംശഹത്യചെയ്യുമെന്നാണ് ലഘുലേഖയിലെയും ഭീഷണി.
അതേസമയം തുടർച്ചയായുണ്ടാകുന്ന ഭീഷണിയിൽ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികളും, ഇവരുടെ ബന്ധുക്കളും. വാർത്തകൾ പുറത്തുവന്നതോടെ ബരാമുള്ളയിലെ ബന്ധുക്കളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിരവധി ഫോണുകളാണ് ലഭിക്കുന്നത്. ആരും പരിഭ്രമിക്കേണ്ടകാര്യമില്ലെന്നും, ഭീതിയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അധികൃതർ പറഞ്ഞു.
Comments