പോസ്റ്റ് ഓഫീസിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. കേൾക്കുമ്പോൾ സാധാരണയായി തോന്നുമെങ്കിലും ഇതിൽ അൽപ്പം അസാധാരണത്വം ഉണ്ട്. മറ്റൊന്നുമല്ല, മഞ്ഞിൽ മൂടിക്കിടക്കുന്ന അന്റാർട്ടിക്കയിലേക്കാണ് പോസ്റ്റ് ഓഫീസ് ജോലിക്കാരെ ആവശ്യമുളളത്. പ്രതിമാസം മികച്ച ശമ്പളവും ലഭിക്കും. പക്ഷേ ഒരു മുന്നറിയിപ്പ്, മൊബൈൽ ഫോണും ഇന്റർനെറ്റും വൈദ്യുതിയുമൊന്നും ഇവിടെ ലഭ്യമല്ല.
ലോകത്തിലെ ഏറ്റവും തണുപ്പ് കൂടിയ പ്രദേശങ്ങളിലൊന്നായ അന്റാർട്ടിക്കയിൽ മനുഷ്യവാസം വളരെ കുറവാണ്. അങ്ങനെ ഒരു സ്ഥലത്ത് എന്തിനാണ് പോസ്റ്റ് ഓഫീസ് എന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. അന്റാർട്ടിക്ക പെനിൻസുലയിൽ സ്ഥാപിതമായ ആദ്യത്തെ സ്ഥിരം ബ്രിട്ടീഷ് താവളമാണ് പോർട്ട് ലോക്ക്‌റോയ്. ഇത് 1944 മുതൽ 1962 വരെ ഉപയോഗിച്ചിരുന്നു. 2006-ൽ യുകെ അന്റാർട്ടിക് ട്രസ്റ്റ് ഇത് ഏറ്റെടുത്തു. അതിനുശേഷം, ഈ സ്ഥലം ഒരു വിനോദസഞ്ചാര കേന്ദ്രമായി പ്രവർത്തിക്കുകയാണ്. ഇവിടെ പോസ്റ്റ് ഓഫീസും, ഗിഫ്റ്റ് ഷോപ്പും മ്യൂസിയവും ഉണ്ട്. ഇവിടെ വരുന്ന സഞ്ചാരികൾ ഇവിടെ നിന്നും സ്വന്തം വീടുകളിലേക്ക് കത്തെഴുതുന്നുന്നത് അന്റാർട്ടിക്ക് യാത്രകളുടെ ആകർഷണങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ പോസ്റ്റ ഓഫീസും ഉദ്യോഗസ്ഥരും അത്യാവശ്യമാണ്. സീസൺ സമയങ്ങളിൽ 80,000 കത്തിടപാടുകൾ വരെ ഇവിടെ നടക്കാറുണ്ടെന്നാണ് വിവരം.
ബ്രിട്ടീഷ് അന്റാർട്ടിക് ടെറിട്ടറി ഗവൺമെന്റിന്റെ കീഴിലാണ് ഈ തപാൽ ഓഫീസ് വരുന്നത്. യുകെ അന്റാർട്ടിക്ക ഹെറിറ്റേജ് ട്രസ്റ്റിന് കീഴിലുള്ള പോസ്റ്റ് ഓഫീസിലേക്കും, അവിടെയുള്ള ഗിഫ്റ്റ് ഷോപ്പിലെ മാനേജർ, ജനറൽ അസിസ്റ്റന്റ് തസ്തികകളിലേക്കുമാണ് ആളെ തേടുന്നത്. 2022 നവംബർ മുതൽ 2023 മാർച്ച് വരെയുള്ള അഞ്ച് മാസത്തേക്കാണ് നിയമനം ലഭിക്കുന്നത്.
നവംബർ മുതൽ മാർച്ച് വരെയുളള സമയം അന്റാർട്ടിക്കയിലെ വേനൽക്കാലമാണ്. ഈ സമയത്ത് താപനില 50 ഡിഗ്രി ഫാരൻഹീറ്റ് വരെ എത്തും. പെൻഗ്വിൻ സംരക്ഷണത്തിന്റെ ഭാഗമായി പെൻഗ്വിനുകളുടെ എണ്ണം എടുക്കുക, ഗിഫ്റ്റ് ഷോപ്പിന്റേയും പോസ്റ്റ് ഓഫീസിന്റേയും എല്ലാ കാര്യങ്ങളും നോക്കുക തുടങ്ങിയവയാണ് ജീവനക്കാരുടെ പ്രധാന ജോലികൾ. ജോലിയുടെ അവസാനഘട്ടത്തിൽ ഒരു റിപ്പോർട്ടും സമർപ്പിക്കണം.
അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ ലഭിക്കുകയുള്ളുവെങ്കിലും, സുഖപ്രദമായ ജോലിയായിരിക്കുമെന്നാണ് ട്രസ്റ്റിന്റെ വാഗ്ദാനം. അതേസമയം വൈദ്യുതിയുടെ ലഭ്യത വളരെ പരിമിതമായ തോതിൽ മാത്രമായിരിക്കും. ടാപ്പ് വെള്ളം, ഇന്റർനെറ്റ് സേവനങ്ങൾ ഒന്നും ലഭിക്കില്ല. ഏപ്രിൽ 25 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തിയതി. എന്നാൽ അപേക്ഷിക്കുന്നവർക്ക് യുകെയിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഈ ഒക്ടോബറിൽ ഒരാഴ്ചത്തെ പ്രത്യേക പരിശീലനവും നൽകും.
എങ്ങനെയുണ്ട് ജോലി.. അന്റാർട്ടിക്കയിലെ കൊടും തണുപ്പിലേക്ക് പോകാൻ താത്പര്യമുണ്ടെങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്. ഉടൻ തന്നെ അപേക്ഷിക്കൂ
Comments