ആലുവ: കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യാത്ത സർക്കാരിനും മാനേജ്‌മെന്റിനുമെതിരെ ബിഎംഎസും പ്രതിഷേധം ശക്തമാക്കുന്നു. കെഎസ്ടി എംപ്ലോയീസ് സംഘ് വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ആലുവ യൂണിറ്റിന്റെ നേതൃത്വത്തിൽ വിഷുദിനത്തിൽ മണ്ണ് സദ്യ വിളമ്പിയാണ് പ്രതിഷേധിച്ചത്.
ആലുവ ഡിപ്പോയിലായിരുന്നു ജീവനക്കാർ മണ്ണ് സദ്യ വിളമ്പി പ്രതിഷേധിച്ചത്. കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജില്ലാ ട്രഷറർ ജി. മുരളീകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.വി.സതീഷ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായ കെ.വി.വിജു, എസ്. പ്രതീഷ്, ടി.കെ. രാജീവ് എന്നിവർ നേതൃത്വം നൽകി.
കെ.എസ്.ടി എംപ്ലോയീസ് സംഘ് വൈക്കം യൂണിറ്റ് സെക്രട്ടറി അഖില എസ് നായരും പ്രസിഡന്റ് ടിഎൻ ലാലപ്പനും വിഷു ദിനത്തിൽ വൈക്കം ഡിപ്പോയിൽ ഉപവസിച്ചു പ്രതിഷേധം രേഖപ്പെടുത്തി. തുടർച്ചയായുളള ശമ്പള നിഷേധം അവസാനിപ്പിക്കണമെന്നും സർക്കാർ നീതി പാലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മറ്റ് ജീവനക്കാരും ഇവർക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ശമ്പളം നൽകാൻ 30 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. 97 കോടി രൂപ വേണ്ട സ്ഥാനത്താണ് 30 കോടി രൂപ അനുവദിച്ചത്. കൂടുതൽ തുക ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നൽകാനാകില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. പ്രശ്‌നത്തിൽ മുഖ്യമന്ത്രിയോ ഗതാഗത മന്ത്രിയോ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും പരാതിയുണ്ട്. ഭരണപക്ഷ അനുകൂല സംഘടനകളും ശമ്പളമില്ലാത്തതിൽ പ്രതിഷേധിച്ച് സമരത്തിലാണ്.
Comments