മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് 18 റൺസ് ജയം. ഇതോടെ സീസണിൽ ആറാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് മുംബൈ. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ മുംബൈയ്‌ക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് മാത്രമാണ് നേടാനായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ, നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. നായകൻ കെ എൽ രാഹുലിന്റെ (103) അപരാജിത സെഞ്ച്വറി പ്രകടനമാണ് ലഖ്നൗവിന് മികച്ച സ്‌കോർ സമ്മാനിച്ചത്. മനീഷ് പാണ്ഡെ (38), ക്വിന്റൻ ഡീകോക്ക് (24) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറർമാർ. മുംബൈക്കായി ജയദേവ് ഉനദ്ഘട്ട് രണ്ടും മുരുഗൻ അശ്വിൻ, ഫാബിയൻ അലൻ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.
60 പന്തുകളിൽ നിന്നും ഒൻപത് ബൗണ്ടറികളുടെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയോടെ 103 റൺസാണ് രാഹുൽ അടിച്ചെടുത്തത്. 13 പന്തിൽ നിന്നും 24 റൺസ് നേടിയ ക്വിന്റൻ ഡീകോക്കിനെ അലൻ എൽബിഡബ്യുവിൽ കുടുക്കുകയായിരുന്നു. 29 പന്തിൽ നിന്നും 38 റൺസ് നേടിയ മനീഷ് പാണ്ഡെയെ അശ്വിൻ വീഴ്‌ത്തി. മാർക്കസ് സ്റ്റോയിനിസ്(10), ദീപക് ഹൂഡ(15), ക്രുനാൽ പാണ്ഡ്യ(1*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ വിക്കറ്റുകൾ ലക്‌നൗ ഓരോന്നായി വീഴ്‌ത്തുകയായിരുന്നു. ലക്‌നൗ മുന്നോട്ടുവെച്ച 200 എന്ന വിജയലക്ഷ്യം ഭേദിക്കാൻ പരിശ്രമിച്ചെങ്കിലും, തോൽവിയിലേയ്‌ക്ക് കൂപ്പുകുത്തുകയായിരുന്നു മുംബൈ. ഡെവാർഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, കീറോൺ പൊള്ളാർഡ് എന്നിവർ മാത്രമാണ് മെച്ചപ്പെട്ട റൺസ് നേടിയത്. നായകൻ രോഹിത് ശർമ്മയ്‌ക്കും മികച്ച് സ്‌കോർ നേടാനാവാതെ മടങ്ങേണ്ടി വന്നു.
13 പന്തിൽ നിന്നും 31 റൺസ് നേടിയ ബ്രെവിസിന്റെ വിക്കറ്റ് ആവേശ് ഖാനാണ് വീഴ്‌ത്തിയത്. 27 പന്തിൽ നിന്നും 37 റൺസ് നേടിയ സൂര്യകുമാർ യാദവിനെ രവി ബിഷ്ണോയ് വീഴ്‌ത്തി. 26 പന്തിൽ നിന്നും 26 റൺസ് നേടിയ തിലക് വർമ്മയും വീണതോടെ മുംബൈ പരാജയത്തിലേയ്‌ക്ക് വീഴുകയായിരുന്നു. കീറോൺ പൊള്ളാർഡ്(25), ജയദേവ് ഉനദ്ഘട്ട്(14), ഇഷാൻ കിഷൻ (13), ഫാബിയൻ അലൻ(8), രോഹിത് ശർമ(6), മുരുഗൻ അശ്വിൻ(6) എന്നിങ്ങനെയാണ് മുംബൈയുടെ മറ്റ് താരങ്ങളുടെ സ്‌കോർ. ലക്‌നൗവിന്റെ ആവേശ് ഖാനാണ് മുംബൈയുടെ മൂന്ന് വിക്കറ്റുകൾ തെറിപ്പിച്ചത്. ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, രവി ബിഷ്ണോയ്, മാർകസ് സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
Comments