കോഴിക്കോട്: കെ സ്വിഫ്റ്റ് ബസ് ഇന്നും അപകടത്തിൽപ്പെട്ടു. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് കെ സ്വിഫ്റ്റ് ബസ്, ലോ ഫ്‌ലോർ ബസിൽ ഇടിക്കുകയായിരുന്നു. ബംഗലൂരുവിലേക്ക് പോകുന്ന കെ സ്വിഫ്റ്റ്, സുൽത്താൻ ബത്തേരിയിൽ നിന്ന് വന്ന ലോ ഫ്‌ലോർ ബസിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോ ഫ്‌ലോർ ബസിന്റെ ചില്ല് തർന്നു.
ഇന്നലെ താമരശ്ശേരി ചുരത്തിലും കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടിരുന്നു. താമരശ്ശേരി ചുരത്തിൽ വെച്ച് സ്വിഫ്റ്റ് ബസ് ഭിത്തിയിലിടിക്കുകയായിരുന്നു. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്‌സ് എയർ ബസ്സാണ് താമരശ്ശേരി ചുരത്തിൽ ഭിത്തിയിലിടിച്ചത്. ആറാം വളവിൽവെച്ചായിരുന്നു അപകടം. തിരുവനന്തപുരം കല്ലമ്പലത്തിലാണ് ഒരു അപകടമുണ്ടായത്.
എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയിരുന്നു. ഗ്ലാസിന് 35,000 രൂപ വിലയുണ്ടെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി-സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവറെ പിരിച്ചു വിട്ടിരുന്നു. സ്വിഫ്റ്റ് ബസ് സർവ്വീസ് തുടങ്ങി 24 മണിക്കൂറിലാണ് ആദ്യ രണ്ട് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പരിചയമില്ലാത്തവരാണ് ബസ് ഓടിക്കുന്നതെന്നും സിഐടിയു നിയന്ത്രണത്തിലുള്ള കെഎസ്ആർടിസി വർക്കിംഗ് പ്രസിഡന്റ് സികെ ഹരികൃഷ്ണൻ പറഞ്ഞിരുന്നു. അപകട വാർത്തകൾ ശുഭകരമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
Comments