പാലക്കാട്: പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയുടെ മരണവിവരം അറിഞ്ഞ് വീട്ടിലേക്കെത്തുന്ന പ്രിയപ്പെട്ടവർക്ക് നോവാകുകയാണ് അദ്ദേഹത്തിന്റെ ഏകമകൾ നവനീത. അച്ഛൻ മരിച്ചതറിഞ്ഞ് തളർന്നു പോയ പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ പ്രിയപ്പെട്ടവർക്കാവുന്നില്ല. ടൗണിൽ കൊണ്ടു പോകാമെന്ന് പറഞ്ഞു പോയ അച്ഛന്റെ വരവ് കാത്തിരുന്ന നവനീതയെ തേടിയെത്തുന്നത് അപകടവാർത്തയാണ്.
‘അമ്മേ അച്ഛൻ എന്ത് തെറ്റ് ചെയ്തിട്ടാണ് അവർ ഇങ്ങനെ ചെയ്തത്? ആരോടും ദേഷ്യപ്പെടാറ് കൂടിയില്ലല്ലോ..’ എന്ന് പറഞ്ഞുകൊണ്ടാണ് പെൺകുട്ടി നിലവിളിക്കുന്നത്. ശ്രീനിവാസന്റെ അപകട വാർത്ത അറിഞ്ഞ ഉടൻ ഭാര്യ ഗോപിക കുഴഞ്ഞു വീണു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച ശേഷം വീട്ടിലെത്തിച്ചു. അച്ഛൻ അനന്തകൃഷ്ണനും അമ്മ ഇന്ദ്രാണിയും ഭാര്യയും മകളും അടങ്ങുന്നതാണ് ശ്രീനിവാസന്റെ കുടുംബം.
വെരിക്കോസ് വെയിൻ മൂലം ശ്രീനിവാസന് അധികം വേഗത്തിൽ നടക്കാൻ സാധിക്കുമായിരുന്നില്ല. ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയ ശ്രീനിവാസൻ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതും അസുഖത്തെ തുടർന്നായിരുന്നു. മേലാമുറിയിൽ ആർഎസ്എസിന്റെ വളർച്ചയ്‌ക്ക് വഴിയൊരുക്കിയ നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. ഇന്നലെ ഉച്ചയോടെയാണ് ശ്രീനിവാസ് കൃഷ്ണ കൊല്ലപ്പെടുന്നത്.
കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്. കണ്ടാലറിയാവുന്ന ആറ് പേരാണ് കൊലപാതകം നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്‌ട്രീയ വൈരം തീർക്കുന്നതിനായി ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊല്ലുകയായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. മരണം മാത്രം ലക്ഷ്യംവെച്ചാണ് പ്രതികൾ ശ്രീനിവാസന്റെ കടയിലേക്ക് എത്തിയത്.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ നമ്പറും എഫ്‌ഐആറിൽ പറയുന്നില്ല. പ്രതികൾ ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവർ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറുകയായിരുന്നു. ഈയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments