ന്യൂഡൽഹി: കശ്മീർ ഫയൽസിന് ശേഷം ഡൽഹി ഫയൽസിന്റെ ജോലി തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി. കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രത്തിന്റെ വിവരം വിവേക് അഗ്നിഹോത്രി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിടുന്നത്. ഇപ്പോഴിതായ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവിധായകൻ.
1984ലെ സിഖ് കലാപമാണ് ഡൽഹി ഫയൽസിന്റെ പ്രമേയം. തമിഴ് ജനങ്ങളുടെ സത്യാവസ്ഥയും ചിത്രത്തിൽ കാണിക്കുമെന്നാണ് വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയെ കുറിച്ച് മാത്രമല്ല ചിത്രത്തിൽ പറയുന്നത്. ഡൽഹി ഫയൽസ് തമിഴ്നാടിനെ കുറിച്ചും ഒരുപാട് സത്യങ്ങൾ വെളിപ്പെടുത്തും. ഡൽഹി എങ്ങനെ ഇന്ത്യയെ നശിപ്പിച്ചുവെന്നാണ് ചിത്രം പറയുന്നതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
‘ഡൽഹി ഫയൽസ് തമിഴ്നാടിനെ കുറിച്ചും ഒരുപാട് സത്യങ്ങൾ പറയും. അവർ (കോൺഗ്രസ്) അത് സൃഷ്ടിച്ചു, പിന്നെ അവർ അത് നശിപ്പിച്ചു, പിന്നെ അവർ ഒരുപാട് നിരപരാധികളെ കൊന്നു, അവർ അത് മൂടിവച്ചു. നാളിതുവരെ നീതി ലഭിച്ചിട്ടില്ല, അതിലും മോശമായ മറ്റെന്തുണ്ട്. ഇത് ഡൽഹിയെക്കുറിച്ചല്ല, ഇത്രയും വർഷമായി ഡൽഹി എങ്ങനെയാണ് ‘ഭാരത’ത്തെ നശിപ്പിക്കുന്നതെന്നതിനെ കുറിച്ചാണ്’ വിവേക് അഗ്നിഹോത്രി പറഞ്ഞു.
മാർച്ച് 11നായിരുന്നു ബോളിവുഡിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് കശ്മീർ ഫയൽസ് എന്ന ചിത്രം റിലീസ് ചെയ്തത്. ഒട്ടനവധി പ്രതിബന്ധങ്ങളെ തരണം ചെയ്തായിരുന്നു ചിത്രം പുറത്തിറങ്ങിയത്. വളരെ ചെറിയ ബജറ്റിൽ പൂർത്തിയാക്കിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതോടെ ബോക്സ് ഓഫീസിൽ 330 കോടിയിലധികം രൂപയാണ് നേടാനായത്. നിരവധി പ്രമുഖരും സംസ്ഥാന സർക്കാരുകളും ചിത്രത്തിന് പിന്തുണയേകി രംഗത്തെത്തിയിരുന്നു.
















Comments