പാലക്കാട്: നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കും. പാലക്കാട് കളക്ട്രേറ്റിൽ ഉച്ചകഴിഞ്ഞ് 3.30നാണ് യോഗം. സി.കൃഷ്ണകുമാർ, കെ.എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. പാലക്കാട് നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് യോഗം വിളിച്ചത്.
24 മണിക്കൂറിനുള്ളിൽ രണ്ട് രാഷ്ട്രീയകൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചും കൂടുതൽ പോലീസ് വിന്യാസം നടത്തിയും ക്രമസമാധാന നില പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സർവ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് ബിജെപി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ യോഗത്തിൽ പങ്കെടുക്കുമെന്നും പോലീസിന്റെ വീഴ്ചകൾ തുറന്ന് കാട്ടുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ അറിയിച്ചു.
അതേസമയം, പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളും പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘങ്ങൾ. എസ്പിമാർ നേരിട്ട് മേൽനോട്ടം വഹിക്കും. കൊലപാതകത്തിന്റെ ഗൂഢാലോചന ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
Comments