പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ ശ്രീനിവാസിനെ പോപ്പുലർഫ്രണ്ട് മതഭീകരവാദികൾ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗം ഇന്ന്. ഉച്ചയ്‌ക്ക് മൂന്നരയ്‌ക്ക് കളക്ടറേറ്റിലാണ് യോഗം ചേരുക. യോഗത്തിൽ ബിജെപിയും പങ്കെടുക്കും.
വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ബിജെപിയ്‌ക്കായി ജില്ലാ അദ്ധ്യക്ഷൻ കെ. എം ഹരിദാസ്, സി കൃഷ്ണകുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.
നേതാക്കളുമായുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് ബിജെപി യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ആലോചിച്ച ശേഷമേ യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്ന് ഇന്നലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. മതഭീകരർക്കൊപ്പം ഒരു മേശയ്‌ക്ക് ചുറ്റും ഇരുന്ന് എന്ത് സംസാരിക്കാൻ ആണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
അതേസമയം സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും പോലീസിന് പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. രാഷ്‌ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള പോലീസ് സംഘം ഉൾപ്പെടെ ജില്ലയിൽ സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്. മറ്റെന്നാൾവരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇത് നീട്ടണോ എന്ന കാര്യം തീരുമാനിക്കും. ഇരുചക്ര വാഹനയാത്രയ്‌ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാരെ ബൈക്കിന്റെ പിൻസീറ്റിൽ ഇരുത്തരുത് എന്നാണ് നിർദ്ദേശം. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
















Comments