ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാർട്ടി നേതൃത്വത്തിനെതിരെ നിരവധി നേതാക്കൾ രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായി സമാജ്‌വാദി പാർട്ടി. പാർട്ടിയിൽ ദിവസം തോറും വിഭാഗീയത കൂടികൊണ്ടിരിക്കുകയാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പിയാണ് ഇപ്പോൾ യുപി നിയമസഭയിലെ പ്രധാന പ്രതിപക്ഷം.
അസം ഖാൻ പാർട്ടി വിടുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ നിലനിൽക്കെ, പ്രഗതിഷീൽ സമാജ്വാദി പാർട്ടി-ലോഹിയ (പിഎസ്പി-എൽ) തലവനും അഖിലേഷിന്റെ അമ്മാവനുമായ ശിവ്പാൽ
യാദവും അധ്യക്ഷൻ അഖിലേഷുമായി ഇടഞ്ഞ് നിൽക്കുകയാണ്. അദ്ദേഹം ഭരണകക്ഷിയായ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്.
അസംഖാൻ ജയിൽ മോചിതനാക്കാൻ അഖിലേഷ് യാദവ് ആഗ്രഹിക്കുന്നില്ലെന്ന് ഖാന്റെ മീഡിയ ഇൻ ചാർജ് ഫസഹത് അലി ഖാൻ പറഞ്ഞിരുന്നു. നിലവിൽ രാംപൂർ എംഎൽഎ അസംഖാൻ തട്ടിപ്പുകേസിൽ ജയിലിലാണ്. രണ്ട് വർഷത്തിലേറെയായി അസം ഖാൻ ജയിലിലാണ്, എന്നാൽ എസ്പി അധ്യക്ഷൻ ഒരിക്കൽ മാത്രമാണ് അദ്ദേഹത്തെ ജയിലിൽ കാണാൻ പോയതെന്നും അലി ഖാൻ വിമർശിച്ചു. ഖാനെ പ്രതിപക്ഷ നേതാവാക്കാത്തതിലും അദ്ദേഹത്തിന്റെ അനുയായികൾക്ക് അമർഷമുണ്ട്. പാർട്ടിയിൽ മുസ്ലീങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടില്ലെന്നും അവർ ആരോപിക്കുന്നു.
2020 ഫെബ്രുവരി മുതൽ ജയിലിൽ കഴിയുന്ന അസം ഖാനെ, അഖിലേഷ് സന്ദർശിക്കാത്തതിൽ മുൻ ക്യാബിനറ്റ് മന്ത്രി അസ്വസ്ഥനാണെന്ന് വൃത്തങ്ങൾ പറഞ്ഞു. അദ്ദേഹം എസ്പി വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. 2009 മെയ് മാസത്തിൽ എസ്പിയിൽ നിന്ന് ഒരു വർഷത്തേക്ക് അസംഖാനെ പുറത്താക്കിയിരുന്നു. 2010 ഡിസംബറിൽ അദ്ദേഹം വീണ്ടും പാർട്ടിയിൽ ചേർന്നു.
ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദ് മുസ്ലിമീൻ (എഐഎംഐഎം) കഴിഞ്ഞ ദിവസം അസംഖാനോട് പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിൽ നിന്ന് ബിജെപിയെയും എസ്പിയെയും ഇല്ലാതാക്കാൻ എഐഎംഐഎമ്മിൽ ചേരാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, എഐഎംഐഎം സംസ്ഥാന വക്താവ് മുഹമ്മദ് ഫർഹാൻ ഖാന് അയച്ച കത്ത് ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
എന്നാൽ എസ്പി വക്താവും ദേശീയ സെക്രട്ടറിയുമായ രാജേന്ദ്ര ചൗധരി, ഭിന്നതയെക്കുറിച്ചുള്ള റിപ്പോർട്ടുകളെ തളളിക്കളഞ്ഞു. അസം ഖാൻ എസ്പിക്കൊപ്പമാണ്, പാർട്ടി അദ്ദേഹത്തിനൊപ്പമാണെന്നും ചൗധരി അഭിപ്രായപ്പെട്ടു. അതിനിടെ അഖിലേഷ്-ശിവ്പാൽ ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) തലവൻ ഓംപ്രകാശ് രാജ്ഭർ രണ്ട് നേതാക്കൾക്കിടയിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ശിവ്പാൽ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും സൂചനയുണ്ട്.
യുപി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യകക്ഷികളോടൊപ്പം 273 സീറ്റുകൾ നേടി വീണ്ടും അധികാരം നിലനിർത്തി. എസ്പിക്ക് 111 സീറ്റുകളാണ് ലഭിച്ചത്. സഖ്യകക്ഷികളായ രാഷ്‌ട്രീയ ലോക്ദളും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയും (എസ്ബിഎസ്പി) 14 സീറ്റുകൾ നേടി. സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ മൗനത്തിൽ എസ്പിയിലെ മുസ്ലീം അണികൾക്കിടയിൽ അമർഷം വർദ്ധിച്ചുവരികയാണ്. അഖിലേഷ് മുസ്ലീങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ലെന്ന് പാർട്ടി എംപിയായ സംഭാൽ ഷഫീഖുർ റഹ്മാൻ ബർഖ് ഉൾപ്പെടെ നിരവധി എസ്പി നേതാക്കൾ ആരോപിച്ചു.
അസം ഖാന്റെ സഹായിയുടെ പൊട്ടിത്തെറിക്ക് ഒരു ദിവസം മുമ്പ് വന്ന വീഡിയോയിൽ, ‘പാർട്ടി മുഴുവൻ മുസ്ലീങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ല’ എന്ന് ബാർഖ് പറഞ്ഞു. യുപിയിലെ സുൽത്താൻപൂരിൽ നിന്നുള്ള എസ്പി നേതാവ് മുഹമ്മദ് കാസിം റൈൻ കഴിഞ്ഞയാഴ്ച രാജി സമർപ്പിച്ചിരുന്നു. ഉത്തർപ്രദേശിൽ മുസ്ലിംകളോട് വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ അഖിലേഷ് യാദവ് ഇടപെടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എസ്പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലെ 125 എംഎൽഎമാരിൽ 33 പേരും മുസ്ലീങ്ങളാണ്.
Comments