വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുടുംബമെന്ന ലോക റെക്കോർഡ് സ്വന്തമാക്കി അമേരിക്കയിലെ അഞ്ചംഗ കുടുംബം. മിനസോട്ടയിലെ എസ്‌കോയിലുള്ള ട്രാപ്പ് കുടുംബമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുടുംബം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. സ്‌കോട്ട്, ക്രിസ്സി, സാവന്ന, മോളി, ആദം എന്നിവരാണ് കുടുംബത്തിലെ അംഗങ്ങൾ. 2020 ഡിസംബർ 6നാണ് ഇവരെ ആദ്യമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുടുംബമായി ഗിന്നസ് വേൾഡ് റെക്കോർഡ് പ്രഖ്യാപിച്ചത്.
203.29 സെന്റിമീറ്ററാണ് കുടുംബത്തിലുള്ളവരുടെ ശരാശരി ഉയരം. അതായത് 6 അടി 8 ഇഞ്ച്. അവരിൽ ഏറ്റവും കൂടുതൽ ഉയരം കുടുംബത്തിലെ മൂത്തകുട്ടിയായ ആദം ട്രാപ്പിനാണ്. 221.71 സെന്റിമീറ്ററാണ് ആദമിന്റെ ഉയരം. കുറഞ്ഞ ഉയരം അമ്മ ക്രിസ്സി ട്രാപ്പിനും 191.2 സെന്റിമീറ്ററാണ് ഇവരുടെ ഉയരം. കുടുംബത്തിലെ 27കാരിയായ സാവന്ന ട്രാപ്പിന് 203.6 സെന്റിമീറ്റാണ് ഉയരം.
കഴിഞ്ഞ ദിവസം ഈ കുടുംബത്തിന്റെ വീഡിയോ ഗിന്നസ് റെക്കോർഡ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ധാരാളം ആളുകളാണ് ഇവരുടെ വീഡിയോയ്‌ക്ക് രസകരമായ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. സാധാരണ ഗതിയിൽ മക്കളുടെ കണ്ണ് വെട്ടിച്ച് അമ്മമാർ ഉയരമുള്ള സ്ഥലത്ത് സാധനങ്ങൾ ഒളിപ്പിച്ചിരുന്നത്. എന്നാൽ ഈ ട്രാപ്പ് കുടുംബത്തിലെ അമ്മ കട്ടിലിനടിയിലായിരിക്കും ഒളിപ്പിച്ചുവെയ്‌ക്കുന്നത് എന്നിങ്ങനെയാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.
















Comments