പാലക്കാട് : സംഘർഷാവസ്ഥ നിലനിൽക്കുന്ന പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരും. നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. ആർഎസ്എസ് നേതാവ് ശ്രീനിവാസിന്റെ കൊലപാതകത്തിന് പിന്നാലെ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് വൈകീട്ട് ആറ് മണിയ്‌ക്ക് അവസാനിക്കാനിരിക്കെയാണ് നാല് ദിവസത്തേക്ക് കൂടി നീട്ടിയത്.
വീണ്ടും സംഘർഷമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ നീട്ടിയത്. പൊതുസ്ഥലങ്ങളിലും മറ്റും അഞ്ച് പേരിൽ കൂടുതൽ സംഘം ചേരരുതെന്ന് ഉത്തരവിൽ പറയുന്നു. പൊതുപരിപാടികൾക്കും വിലക്കുണ്ട്. ആയുധങ്ങളുമായി പൊതുസ്ഥലത്ത് എത്തുന്നവർക്കെതിരെ 1818 ലെ ആയുധ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ജില്ലയിലെ സ്ഥിതിഗതികൾ കർശനമായി നിരീക്ഷിച്ചുവരികയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
നിലവിൽ ജില്ല മുഴുവൻ പോലീസ് നിരീക്ഷണത്തിലാണ്. ജില്ലാ അതിർത്തികളിലും പോലീസ് പരിശോധനയുൾപ്പെടെ ശക്തമാണ്. നമ്പർ രേഖപ്പെടുത്തിയ ശേഷമാണ് സ്വകാര്യ വാഹനങ്ങൾ പോലീസ് കടത്തിവിടുന്നത്.ശനിയാഴ്ചയാണ് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ പോപ്പുലർഫ്രണ്ട് മതഭീകരർ അരുംകൊല ചെയ്തത്.
Comments