ന്യൂഡൽഹി: രാജസ്ഥാനിൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്നു പുറത്താക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി. ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനഘടകവുമായി ചേർന്നയോഗത്തിൽ പ്രവർത്തനം വീടുകളിൽ നിന്നു തുടങ്ങാനും കുടുംബത്തെപ്പോലെ ഒറ്റക്കെട്ടായി പ്രവർത്തിക്കാനും ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിലായിരുന്നു നിർണായക യോഗം. യോഗത്തിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കൈലാഷ് ചൗധരി, അർജുൻ റാം മേഘ്വാൾ, സംസ്ഥാന പാർട്ടി യൂണിറ്റ് മേധാവി സതീഷ് പൂനിയ എന്നിവർ പങ്കെടുത്തു. ബിജെപി ജനറൽ സെക്രട്ടറി (സംഘടന) ബിഎൽ സന്തോഷ്, സംസ്ഥാന ഘടകത്തിന്റെ സംഘടനാ സെക്രട്ടറി ചന്ദ്രശേഖർ എന്നിവരും നദ്ദയുടെ വസതിയിൽ യോഗം ചേർന്നു.
നാലുമണിക്കൂറിലേറെ കൂടിക്കാഴ്ച നീണ്ടു. 2023ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് സംസ്ഥാനത്തോട് കർശനനിർദ്ദേശം നൽകി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട അഴിമതിക്കേസുകൾ, കാർഷിക കടം എഴുതിത്തള്ളൽ, തൊഴിലില്ലായ്മ, നിയമലംഘനം തുടങ്ങിയ വിഷയങ്ങളിൽ അവരെ തുറന്നുകാട്ടാനും ബിജെപി സംസ്ഥാനനേതാക്കളോട് ആവശ്യപ്പെട്ടു.
തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ കൂട്ടായ്മ ആവശ്യപ്പെട്ട കേന്ദ്രനേതൃത്വം, എല്ലാ വിഷയങ്ങളിലും സംസ്ഥാനത്തെ പാർട്ടിയുടെ നിലപാട് ഏകീകൃതമാകണമെന്ന് ഊന്നിപ്പറഞ്ഞു. വിവിധ വിഷയങ്ങളിൽ നേതാക്കളുടെ നിലപാട് ഒന്നുതന്നെയായിരിക്കണം.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ബിജെപി സംസ്ഥാനത്ത് നിന്നുള്ള മുഴുവൻ പാർലമെന്റ് സീറ്റുകളിലും വിജയിച്ചു. എന്നാൽ, കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പുഫലം പ്രതീക്ഷിച്ച വിജയം നേടാനാവാത്തത് ആശങ്കയ്‌ക്ക് ഇടയാക്കിയിരുന്നു. ഇതാണ് കേന്ദ്രനേതൃത്വം നേരത്തെ തന്നെ തെരഞ്ഞെടുപ്പ് നേരിടാൻ സംസ്ഥാനഘടകത്തെ സജ്ജമാക്കുന്നത്.
















Comments