തിരുവനന്തപുരം : വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇഫ്താർ വിരുന്നുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി ഇഫ്താർ വിരുന്നൊരുക്കിയത്. വിരുന്നിൽ മത, രാഷ്‌ട്രീയ, സാമുദായിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിയ്‌ക്ക് വിട്ടതിൽ മുസ്ലീം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇത് തണുപ്പിക്കാനായി വിളിച്ചു ചേർത്ത യോഗത്തിന് ശേഷമാണ് വിരുന്ന് സംഘടിപ്പിച്ചത്. വിരുന്നിൽ സ്പീക്കർ എം.ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ കെ. രാജൻ, ആന്റണി രാജു, ശശീന്ദ്രൻ എന്നിവരും വിവിധ ഇസ്ലാമിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
ഇന്നലെ വൈകീട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും ഇഫ്താർവിരുന്നൊരുക്കിയത്. അതേസമയം ഇരുവരുടെയും ഇഫ്താർ വിരുന്നുകൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസവും, വിമർശനവും ഉയരുകയാണ്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീങ്ങളെ ഗൗനിക്കാതിരുന്നതാണ് തിരിച്ചടിയ്‌ക്ക് കാരണം ആയതെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ റംസാൻ മാസത്തിൽ ഇഫ്താർ വിരുന്നൊരുക്കി മുസ്ലീം വിഭാഗത്തെ കോൺഗ്രസ് ഒപ്പം നിർത്താൻ ശ്രമിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിയ്‌ക്ക് വിട്ടതിൽ ശക്തമായ പ്രതിഷേധമാണ് നിലവിൽ മുസ്ലീം സംഘടനകളിൽ നിന്ന് സർക്കാർ നേരിടുന്നത്. ഇതിൽ അയവുവരുത്തുകയാണ് ഇഫ്താർവിരുന്നിലൂടെ സർക്കാരിന്റെ ഉദ്ദേശ്യം എന്നാണ് സമൂഹമാദ്ധ്യമങ്ങൾ പറയുന്നത്.
















Comments