ഹോ ഇതെന്തൊരു വൃത്തികെട്ട ജീവിയാ… ഒരു തവണയെങ്കിലും ഇങ്ങനെ പറയാത്തവരായി ആരും ഉണ്ടാകില്ല… പക്ഷെ ശരിക്കും അങ്ങനെ ഒന്നുണ്ടോ ? അതായത് ഈ വൃത്തികെട്ട ജീവി….. ഉണ്ടെങ്കിൽ എങ്ങനെയാണ് അതിന്റെ രൂപം …. എന്നാൽ കേട്ടോളൂ…
ശരിക്കും ഇങ്ങനെ ഒരു ജീവി ഉണ്ട്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജീവി… കടലിലെ അന്യഗ്രഹ ജീവി എന്ന് അറിയപ്പെടുന്ന ബ്ലോബ് ഫിഷിനെയാണ് ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജീവി എന്ന് പറയുന്നത്
2013 ലെ ഒരു ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് ലോകത്തിലെ ഏറ്റവും വിരൂപിയായ ജീവിയായി ബ്ലോബ് ഫിഷ് തിരഞ്ഞെടുക്കപ്പെട്ടത്. ഒറ്റ നോട്ടത്തിൽ തന്നെ അറപ്പ് തോന്നിക്കുന്ന ശരീരപ്രകൃതിയാണ് ഈ മത്സ്യത്തിന്റേത്. അതുകൊണ്ടാവണം ഇതിന്റെ വിചിത്ര ജീവിയായി തിരഞ്ഞെടുത്തതും.
പിങ്ക് നിറത്തിൽ വഴുവഴുപ്പുള്ള ഒരു മാംസപിണ്ഡം. തൂങ്ങിക്കിടക്കുന്ന മൂക്ക്. വലിയ വായ. എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. സൈക്രോല്യൂറ്റിഡേ കുടുംബത്തിൽപ്പെട്ട ഈ മത്സ്യത്തെ ഓസ്‌ട്രേലിയ, ടാസ്മാനിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ ആഴക്കടലിലാണ് കണ്ട് വരുന്നത്.
600 മുതൽ 1200 മീറ്റർ വരെ ആഴമുള്ള സമുദ്രഭാഗങ്ങളിൽ, മർദ്ദം സമുദ്രത്തിന്റെ ഉപരിതലത്തിലുള്ളതിനേക്കാൾ 60 മുതൽ 120 ഇരട്ടിവരെ കൂടുതലായിരിക്കും. എന്നാൽ വെള്ളത്തേക്കാൾ സാന്ദ്രത ഒരൽപം കുറവുള്ള ബ്ലോബ് ഫിഷിന് ഇത്രയും ആഴത്തിലും സുഗമായി നീന്താം.
ശരീരത്തിൽ മസിലുകൾ തീരെയില്ലാത്തതിനാൽ പാഞ്ഞുനടന്ന് ഇരപിടിക്കാനൊന്നും ഈ മത്സ്യത്തിനാവില്ല. നീന്തുമ്പോൾ വായ തുറന്ന് പിടിക്കും. വായിലേക്ക് കയറിവരുന്ന കൊഞ്ചുകളെയും ചെറുമീനുകളെയും കഴിക്കുകയാണ് ഇവ സാധാരണയായി ചെയ്യാറുള്ളത്.
പ്രശസ്തമായ ‘മെൻ ഇൻ ബ്ലാക്ക് 3’ എന്ന ഹോളിവുഡ് ചിത്രത്തിൽ അന്യഗ്രഹജീവിയായി അഭിനയിച്ചതും ഈ ബ്ലോബ് ഫിഷ് തന്നെയാണ്. എണ്ണത്തിൽ കുറവായതിനാൽ വംശനാശഭീഷണി നേരിടുന്ന ഒരു ജീവി കൂടിയാണിത്.














