മുംബൈ: പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് വിമർശനം നേരിടേണ്ടി വന്ന ബോളിവുഡ് നടൻ അക്ഷയ് കുമാർ മാപ്പപേക്ഷയുമായി രംഗത്ത്. ജനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും ഇനി പാൻമസാല പരസ്യങ്ങളിൽ അഭിനയിക്കുകയില്ലെന്നും താരം കുറിച്ചു. പരസ്യത്തിൽ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
‘ഞാൻ എന്റെ ആരാധകരോടും എല്ലാ അഭ്യൂദയകാംക്ഷികളോടും ക്ഷമ ചോദിക്കുന്നു. കുറച്ചു ദിവസങ്ങളായി നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചു.പുകയില ഉപയോഗത്തെ ഞാൻ ഒരിക്കലും പിന്തുണയ്ക്കുകയില്ല. വിമൽ എലൈച്ചിയുമായുള്ള പരസ്യങ്ങൾ മൂലം നിങ്ങൾക്കുണ്ടായ വിഷമം ഞാൻ മനസ്സിലാക്കുന്നു. വിനയപൂർവ്വം ഞാൻ അതിൽ നിന്നും പിൻവാങ്ങുന്നു. എനിക്ക് പരസ്യത്തിൽ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഞാനുമായുള്ള കരാർ അവസാനിക്കുന്നത് വരെ അവർ ആ പരസ്യം സംപ്രേഷണം ചെയ്തേക്കാം. എന്നാൽ ഭാവിയിൽ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഉറപ്പ് നൽകുന്നു.പകരമായി തുടർന്നും നിങ്ങളുടെ സ്നേഹവും ആശിർവാദവും പ്രതീക്ഷിക്കുന്നുവെന്ന് അക്ഷയ് കുറിച്ചു’
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അജയ്ദേവഗൺ,ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം അക്ഷയ് വേഷമിട്ട വിമൽ പാൻ മസാലയുടെ പരസ്യം പുറത്തിറങ്ങിയത്. അജയ്ദേവഗണും ഷാരൂഖ് ഖാനും പാൻ മസാല ചവച്ചുകൊണ്ട് ആരാണ് പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും അക്ഷയ് പാൻ മാസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമായിരുന്നു പരസ്യം.
മദ്യവും പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതിനെതിരെ സംസാരിക്കുന്ന അക്ഷയ് കുമാറിന്റെ പഴയ വീഡിയോകളും ചൂണ്ടിക്കാട്ടിയായിരുന്നു ആളുകൾ താരത്തെ വിമർശിച്ചത്. ഇരട്ടത്താപ്പാണെന്നും പണത്തിന് വേണ്ടി തരം താഴ്ന്നുവെന്നും ആളുകൾ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി താരം നേരിട്ടെത്തിയത്.
Comments