പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട നാല് പേരെ കസ്റ്റഡിയിലെടുത്തെന്ന് എഡിജിപി വിജയ് സാഖറെ. പാലക്കാട് സ്വദേശികളായ റിസ്വാൻ, സഹദ്, ബിലാൽ, റിയാസ് ഖാൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നും എഡിജിപി പറഞ്ഞു. ഗൂഡാലോചന, കൃത്യം നിർവ്വഹിക്കാൻ സഹായിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരായ ചുമത്തിയിരിക്കുന്നത്. കേസിൽ 16 പ്രതികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട ദിവസമാണ് ശ്രീനിവാസനെ കൊല്ലാൻ ഇവർ പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിൽ ഇരുന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. ഇവിടെ നിന്നും നേരിട്ട് ശ്രീനിവാസന്റെ കടയിലേക്ക് പോകുകയായിരുന്നു എന്നാണ് വിവരം. കൃത്യം നടത്താൻ മൂന്ന് ഇരുചക്ര വാഹനങ്ങളിലായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലരെ നിയോഗിച്ചിരുന്നു. പദ്ധതി പാളിപ്പോയാൽ അത് നേരിടാൻ വേണ്ടിയാണ് ഇവർ അവിടെ നിന്നത്. ശ്രീനിവാസന്റെ നീക്കങ്ങൾ നിരീക്ഷിച്ച്, കൊലയാളികളെ വിളിച്ച് വരുത്തി, കൃത്യം നടത്തിയ ശേഷം ഇവരെ രക്ഷപ്പെടാൻ സഹായിച്ചതും ഇവരായിരുന്നു. ഈ നാല് പേരെയാണ് പിടികൂടിയത് എന്ന് വിജയ് സാഖറെ അറിയിച്ചു.
കൊലപാതകത്തിന് ശേഷം പ്രതികളിൽ ചിലർ ജില്ലാ ആശുപത്രി പരിസരത്തേക്ക് തിരിച്ചെത്തിയതായും പോലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാനായി പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലടക്കം പോലീസ് തിരച്ചിൽ തുടരുകയാണ്.
















Comments