കൊച്ചി: നിയമലംഘനം നടത്തി നിർമ്മിച്ചതിനാൽ പൊളിച്ചു നീക്കിയ മരടിലെ വിവാദ ഫ്‌ളാറ്റുകളുടെ നിർമ്മാതാക്കൾ തിരികെ നൽകേണ്ട തുകയിൽ പകുതി പോലും നൽകിയിട്ടില്ലെന്ന് റിപ്പോർട്ട്. തിരികെ നൽകേണ്ട 120.98 കോടി രൂപയിൽ 37.32 കോടി രൂപ മാത്രമാണ് നൽകിയത്. മൂന്ന് നിർമ്മാതാക്കൾ ചേർന്ന് 37.32 കോടി രൂപ തിരിച്ചടച്ചപ്പോൾ ഏറ്റവും അധികം താമസക്കാർ ഉണ്ടായിരുന്ന ഹോളി ഫെയ്‌ത്ത് ഫ്‌ളാറ്റിന്റെ നിർമ്മാതാക്കൾ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല.
ഫ്‌ളാറ്റുടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുന്നതിനായി 62.75 കോടി രൂപയടക്കം 120.98 കോടി രൂപയാണ് സർക്കാർ വിതരണം ചെയ്തത്.കെട്ടിടം പൊളിക്കാൻ ചെലവായ തുക, സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷണൻ നായർ കമ്മിറ്റിക്കായി ചെലവായ തുക എന്നിവയടക്കമാണ് ഇത്.
ഗോൾഡൻ കായലോരം കെട്ടിടത്തിന്റെ നിർമ്മാതാക്കളായ വിച്ചൂസ് കൺസ്ട്രക്ഷൻസ് അടക്കാനുള്ള 13.97 കോടി രൂപയിൽ 6.76 കോടി രൂപയാണ് തിരിച്ചടച്ചത്. ജെയിൻ കൺസ്ട്രക്ഷൻസ് നിർമ്മാതാവ് 32.76 കോടി രൂപയിൽ 16.76 കോടി രൂപയും ആൽഫ വെഞ്ചഴ്‌സ് 32.10 കോടിയിൽ 13.80 കോടി രൂപയും മാത്രമാണ് തിരിച്ചടച്ചത്. വിവരാവകാശ പ്രവർത്തകൻ എംകെ ഹരിദാസിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവരിൽനിന്ന് നിർബന്ധപൂർവം പണം ഈടാക്കാനുള്ള അധികാരം ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മിറ്റിക്കില്ല.
ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ്, ആൽഫ സെറീൻ എന്നീ കെട്ടിട സമുച്ചയത്തിലെ ഫ്‌ളാറ്റുടമകൾക്ക് അവർ നൽകിയ തുക മുഴുവൻ തിരികെ ലഭിച്ചു. സർക്കാർ നൽകിയ 25 ലക്ഷം രൂപ കൂടി കണക്കിലെടുക്കുമ്പോഴാണിത്. എന്നാൽ, ഈ തുക കെട്ടിട ഉടമകൾ സർക്കാരിന് നൽകിയിട്ടില്ല. ഹോളി ഫെയ്‌ത്തിലെ താമസക്കാർക്ക് സർക്കാർ ധനസഹായമായി നൽകിയ 25 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് മരടിലെ വിവാദ ഫ്‌ളാറ്റ് സമുച്ചയങ്ങൾ 2020 ജനുവരി 11 നാണ് പൊളിച്ചു നീക്കിയത്.
















Comments