കോഴിക്കോട്: സൗത്ത് ബീച്ച് നിവാസികള്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ പ്രാരംഭ യോഗം ചേര്‍ന്നു.
പ്രദേശവാസികളെ വിളിച്ചു ചേര്‍ത്ത് മെയ് 8ന് യോഗം ചേരാനും ജനകീയ കമ്മിറ്റി രൂപവത്കരിക്കാനും യോഗത്തില്‍ തീരുമാനമായി. പ്രദേശത്ത് താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞു.
തീരത്തോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത് നിലവില്‍ 33ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. നിലവില്‍ തീരുമാനിച്ച പ്രകാരം സര്‍വേ നടപടികളുമായി മുന്നോട്ട് പോകാനും എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കാനും ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ അന്‍വര്‍ സാദത്ത്, തഹസില്‍ദാര്‍ പ്രേംലാല്‍, വില്ലേജ് ഓഫീസര്‍ ടി. പ്രസാദ്, സര്‍വേയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments