എറണാകുളം : തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺ പോൾ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ഇതുവരെ നൂറോളം സിനിമകൾക്കാണ് അദ്ദേഹം തിരക്കഥ എഴുതിയത്.
എക്കാലത്തെയും മികച്ച തിരക്കഥാ കൃത്തുക്കളിൽ ഒരാളാണ് അദ്ദേഹം. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് മരണത്തിന് കാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്. വൃക്ക സംബന്ധമായ അസുഖങ്ങളാൽ അദ്ദേഹം കഴിഞ്ഞ രണ്ട് മാസമായി ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുകയും, ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച വേളയിലാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ രണ്ട് ദിവസങ്ങളായാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകാൻ ആരംഭിച്ചത്.
കഴിഞ്ഞ കുറേക്കാലങ്ങളായി സിനിമയിൽ നിന്നും വിട്ടുനിന്ന അദ്ദേഹം വീണ്ടും സജീവമാകാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് അസുഖ ബാധിതൻ ആയത്. ഭരതൻ, പത്മരാജൻ, ഐവി ശശി തുടങ്ങി നിരവധി സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തനത്തിൽ നിന്നുമായിരുന്നു എഴുത്തുകാരനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര. പിന്നീട് നിർമ്മാതാവിലേക്ക് പരകായപ്രവേശം നടത്തി. സൂര്യഗായത്രി, അക്ഷരം, മാളൂട്ടി, കേളി, തുടങ്ങി 50 ലധികം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു.
Comments