ഭോപ്പാൽ: ഇന്ത്യൻ പോലീസിനെ അഭിനന്ദിച്ച് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്ബിഐ). യുഎസ് പൗരന്മാരെ കബളിപ്പിച്ച ഒരു സംഘത്തെ ഇൻഡോർ പോലീസ് പിടികൂടിയിരുന്നു. അമേരിക്കൻ പൗരന്മാരെ വലിയ തട്ടിപ്പിൽ നിന്നും രക്ഷിച്ച ഇൻഡോർ പോലീസിന്റെ നടപടിയെയാണ് എഫ്ബിഐ പ്രശംസിച്ചത്. എഫ്ബിഐ ഉദ്യോഗസ്ഥർ പോലീസ് കമ്മീഷണറെ കാണുകയും നന്ദി അറിയിക്കുകയും ചെയ്തു.
യുഎസിലെ മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് പണം തട്ടുന്ന സംഘം ഇൻഡോറിൽ പ്രവർത്തിച്ചിരുന്നു. അമേരിക്കൻ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകൾ കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. മുതിർന്ന പൗരന്മാരുടെ സമ്പാദ്യവും വിരമിക്കലിന് ശേഷമുള്ള അവരുടെ അക്കൗണ്ടിലെ പൈസയും മോഷ്ടിച്ച് കബളിപ്പിക്കുകയും ചെയ്തു. അമേരിക്കൻ പൗരന്മാരാണെന്ന് വ്യാജേനയാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചതെന്ന് കമ്മീഷണർ ഹരിനാരായണൻ ചാരി മിശ്ര പറഞ്ഞു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടുന്നത്. പിടിയിലായ എല്ലാപ്രതികൾക്കുമെതിരെ കേസെടുത്തതായി ഹരിനാരായണൻ അറിയിച്ചു. സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ ഉപയോഗിച്ചാണ് ഇവർ അമേരിക്കൻ പൗരന്മാരുമായി ബന്ധപ്പെട്ടത്. വ്യാജ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഇവർ അമേരിക്കയിൽ നിന്നാണ് സംസാരിക്കുന്നതെന്നും പൗരന്മാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങൾ ഇരകൾക്ക് ലഭിക്കാത്ത വിധത്തിലുള്ളതായിരുന്നു ഫോൺ കോളുകൾ.
ഫോൺ വിളിക്കുന്ന ആളുകൾക്ക് ഇതുവഴി വ്യക്തിത്വം മറച്ചുവെയ്‌ക്കാനും ഇഷ്ടമുള്ള സ്ഥലം തെരഞ്ഞെടുക്കാനും സാധിക്കും. സംഭവത്തിൽ ഇരയായ ആളുകൾ പരാതി ഒന്നും നൽകാത്തതിനാൽ ഇൻഡോർ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
















Comments