പാലക്കാട്: ജില്ലയിൽ തുടർകൊലപാതകം നടന്നതിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഈ മാസം 28 വരേയ്‌ക്കാണ് നിരോധനാജ്ഞ നീട്ടിയത്. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും നിരോധനാജ്ഞയോടൊപ്പം തുടരും.
ഈ മാസം 26 വരേയ്‌ക്കാണ് നിരോധനാജ്ഞയുണ്ടായിരുന്നത്. എന്നാൽ അടുത്ത വ്യാഴാഴ്ച വരേയ്‌ക്ക് നിരോധനാജ്ഞ നീട്ടുകയാണെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിറക്കി.
അതേസമയം ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കൊലയാളി സംഘം ഉപയോഗിച്ചതായി കരുതുന്ന മൂന്ന് ഇരുചക്രവാഹനങ്ങളും ഒരു ഓട്ടോറിക്ഷയും തെളിവെടുപ്പിൽ കണ്ടെത്തി.
കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങൾ ഈ ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയതെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രധാനപ്രതിയുടെ മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് പത്ത് പേരാണ് പിടിയിലായിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.
Comments