ശ്രീനഗർ: ഇന്ന് ജമ്മുകശ്മീർ സന്ദർശിക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം തടസ്സപ്പെടുത്താൻ ഭീകരർ തീവ്ര ശ്രമം നടത്തുന്നുവെന്ന് ജമ്മുകശ്മീർ പോലീസ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ജമ്മുകശ്മീരിന്റെ പലഭാഗത്തായി ഭീകർ ആക്രമണം നടത്താൻ പദ്ധതി ഇട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ രണ്ട് സിഐഎസ്എഫ് ജവാൻമാർ വീരമൃത്യു വരിക്കുകയും ലക്ഷ്‌കർ തൊയ്ബ ഭീകര നേതാവിനെയടക്കം നാല് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കശ്മീരിൽ അശാന്തി സൃഷ്ടിക്കാൻ ഭീകരർ ശ്രമം നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
സ്ഥലത്തെ സാഹചര്യവും സുരക്ഷയും വിലയിരുത്താൻ ലഫ്റ്റനൻറ് ഗവർണ്ണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കാനിരിക്കെ ഇന്നലെയും ജമ്മുകശ്മീരിലെ മിർഹാമയിൽ വീണ്ടും ഏറ്റുമുട്ടൽ നടന്നിരുന്നു. രണ്ട് ഭീകരരെ സുരക്ഷ സേന ഏറ്റുമുട്ടലിൽ വധിക്കുകയും ചെയ്തു.പ്രധാനമന്ത്രി സന്ദർശിക്കുന്ന പല്ലി ഗ്രാമത്തിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെ സിഐഎസ്എഫ് ബസിനു നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു.
ബനിഹാൽ – ഖാസികുണ്ഡ് തുരങ്കം ഉൾപ്പടെ നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കശ്മീരിലേക്കെത്തുന്നത്. 20,000 കോടിയുടെ പദ്ധതികളാണ് നാടിന് സമർപ്പിക്കുക. ദേശീയ പഞ്ചായത്ത് രാജ് ദിനാചരണത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, രാജ്യത്തുടനീളമുള്ള ഗ്രാമസഭകളെ അഭിസംബോധന ചെയ്യും.
രണ്ടര വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പ്രധാനമന്ത്രി ജമ്മുകശ്മീരിൽ എത്തുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്
















Comments