കണ്ണൂർ : കണ്ണൂരിൽ ആർഎസ്എസ്- പോപ്പുലർ ഫ്രണ്ട് സംഘർഷത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്. പാലക്കാട്ടെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് ബന്ധം പുറത്തുവന്നതിന് പിന്നാലെ കണ്ണൂരിലും സംഘർഷസാദ്ധ്യത നിലനിൽക്കുന്നുണ്ടെന്ന് കണ്ണൂർ റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. കണ്ണവത്ത് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ സഹോദരങ്ങളും പോപ്പുലർ ഫ്രണ്ട് ക്രിമിനലുകളുമാണ് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് പുറത്തുവന്നിരുന്നു. പോപ്പുലർ ഫ്രണ്ട് ക്രിമിനൽ സുബൈർ കൊല്ലപ്പെട്ട ദിവസം, മോർച്ചറിക്ക് പുറകിൽ വെച്ചാണ് ശ്രീനിവാസനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
2018 ലാണ് കണ്ണവത്ത് എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. 2020 ൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സലാഹുദ്ദീനും കൊല്ലപ്പെട്ടു. സലാഹുദ്ദീൻ വധക്കേസിലെ പ്രതികൾക്ക് ഉൾപ്പെടെ ഭീഷണിയുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം പോപ്പുലർ ഫ്രണ്ട് അതിക്രമത്തിന് മുതിർന്നാൽ ആർ. എസ്.എസിന്റെ ഭാഗത്ത് നിന്ന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. സംസ്ഥാനമൊട്ടാകെ പോപ്പുലർ ഫ്രണ്ടിനെതിരെ അതി ശക്തമായി തന്നെ പ്രതികരിക്കാനാണ് സംഘടനയുടെ തീരുമാനമെന്നാണ് സൂചന.ഇത് സംസ്ഥാനത്ത് പലയിടത്തും സംഘർഷസാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് പോലീസിന്റെ റിപ്പോർട്ട്.
















Comments