തൃശൂർ: കൊറോണ നിയന്ത്രണങ്ങളില്ലാതെ തൃശൂർ പൂരം നടത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. പൂരം പൂർവാധികം ഭംഗിയായി നടത്തുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും ദേവസ്വം മന്ത്രി അറിയിച്ചു. മാസ്‌കും സൈനിറ്റൈസറും അടക്കം സ്വയം സുരക്ഷ ഉറപ്പാക്കണമെന്നാണ് നിർദേശം.
നേരത്തെ കൊറോണ പ്രോട്ടോകോൾ പാലിച്ച് തൃശൂർ പൂരം നടത്തുമെന്നാണ് ദേവസ്വം അറിയിച്ചിരുന്നത്. എല്ലാവർക്കും പൂരനഗരിയിലേക്ക് പ്രവേശനം അനുവദിക്കുമെന്നും എല്ലാ ചടങ്ങുകളോടും ആചാരങ്ങളോടും കൂടെ പൂരം നടത്തുമെന്നും ദേവസ്വം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ പൂരത്തിന് തേക്കിൻക്കാട് മൈതാനിയിലേക്ക് പൂരപ്രേമികൾക്ക് പ്രവേശനമില്ലായിരുന്നു എന്നതാണ് പ്രത്യേകത. എന്നാൽ ഇത്തവണ നടക്കുന്ന 226-ാമത്തെ തൃശൂർ പൂരം മുൻകാല പ്രൗഢിയോടെയാകുമെന്നാണ് ദേവസ്വം ഉറപ്പുനൽകുന്നത്. മെയ് 10നാണ് പൂരം.
രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ശക്തൻ തമ്പുരാൻ വിഭാവനം ചെയ്ത അതേരീതിയിൽ എല്ലാവിധ ചടങ്ങുകളോടും കൂടെ പൂരം നടക്കുന്നത്. പൂരംദിനത്തിന് ഏഴ് ദിവസം മുമ്പ് പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവിലും തിരുവമ്പാടിയിലും മറ്റ് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.
മെയ് 9നാണ് പൂരവിളംബര ചടങ്ങ്. തെക്കേ ഗോപുരവാതിൽ തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളുന്നതോട് കൂടിയാണ് പൂരവിളംബര ചടങ്ങുകൾക്ക് തുടക്കമാകുന്നത്. മെയ് 11-നാണ് ഉപചാരം ചൊല്ലിപിരിയുന്ന ചടങ്ങ് നടക്കുക. അതിനിടെ സാമ്പിൾ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും ഉണ്ടാകും.
Comments