പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആളുടെ ഉൾപ്പെടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആറംഗ കൊലയാളി സംഘത്തിൽപ്പെട്ട ഇഖ്ബാൽ ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ ഇതുവരെ കേസിൽ പിടിയിലായവർ ഒൻപതായി.
പാലക്കാട് ടൗൺ സൗത്ത് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തിന് എത്തിയ ഇരുചക്ര വാഹനങ്ങളിലൊന്ന് ഓടിച്ചിരുന്നത് ഇഖ്ബാലാണ്. കൊലയ്‌ക്ക് ശേഷം പലവഴിയ്‌ക്ക് പിരിഞ്ഞ പ്രതികളിൽ ചിലർ ഒറ്റയ്‌ക്കാണ് ഒളിവിൽ പോയത്. ഇഖ്ബാലും ഒറ്റയ്‌ക്കാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ശേഷിക്കുന്ന പ്രതികൾ അടുത്ത ദിവസങ്ങളിൽ അറസ്റ്റിലാകുമെന്ന് ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞു. അതേസമയം കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ പട്ടാമ്പി സ്വദേശിയാണെന്ന സ്ഥിരീകരണത്തിന് പിന്നാലെ ഇന്നലെ തൃത്താല, പട്ടാമ്പി മേഖലകളിലെ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തിരുന്നു. പ്രതികളെ തേടിയായിരുന്നു പരിശോധന.
ഏപ്രിൽ 16-ാം തീയതി ഉച്ചയ്‌ക്കാണ് എസ്ഡിപിഐ പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. വാളുകളുമായി എത്തിയ സംഘം കടയ്‌ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മരണത്തിലുള്ള രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സുബൈറിന്റെ പോസ്റ്റുമോർട്ടത്തിന് പിന്നാലെ ആശുപത്രിയിൽ നിന്നാണ് സംഘം എത്തി ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്.
















Comments