അഹമ്മദാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് വർദ്ധിക്കുന്നു. മുൻ കോൺഗ്രസ് നേതാവ് മണിലാൽ വഗേല ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആർ പട്ടേൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ബനസ്കന്ത ജില്ലയിൽ വെച്ച് നടന്ന വിജയ് വിശ്വാസ് സമ്മേളനത്തിലാണ് മുൻ കോൺഗ്രസ് നേതാവ് ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് ദിശാബോധം ഇല്ലാത്ത പാർട്ടിയാണെന്നാണ് പാർട്ടിയിൽ ചേർന്ന ശേഷം അദ്ദേഹം പറഞ്ഞത്. താഴെത്തട്ടിലുള്ള പ്രവർത്തകരുടെ പ്രശ്നങ്ങൾ കേൾക്കാനോ പരിഹരിക്കാനോ കോൺഗ്രസിന് സാധിക്കല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിരവധി ഗ്രാമങ്ങളിൽ യാത്ര നടത്തി, സർപ്പാഞ്ചുകളെ സന്ദർശിച്ച ശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. ആര് മത്സരിച്ചാലും വഡ്ഗാമിൽ ബിജെപിയെ വിജയിപ്പിക്കാൻ എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഈ വർഷം ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
2012 ൽ വഡ്ഗാം നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച നേതാവാണ് മണിലാൽ വഗേല. എന്നാൽ 2017 ൽ പാർട്ടി വഗേലയെ പിന്തുണച്ചില്ല. പകരം സ്വതന്ത്രനായി മത്സരിച്ച ജിഗ്നേഷ് മെനാവിക്ക് കോൺഗ്രസ് പിന്തുണ നൽകി.
മുതിർന്ന നേതാക്കളെ കോൺഗ്രസ് അപമാനിക്കുന്നുവെന്നും മാറ്റി നിർത്തുന്നുവെന്നും ആരോപിച്ച് കഴിഞ്ഞ നവംബറിലാണ് അദ്ദേഹം പാർട്ടിയിൽ നിന്നും രാജിവെച്ചത്. മെവാനിയുടെ പ്രകോപനപരമായ പ്രസംഗങ്ങൾക്ക് നേരെയും മണിലാൽ തുറന്നടിച്ചിരുന്നു.
Comments